ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന ഇന്ദ്രജിത്ത് ചെറുപ്രായത്തിൽ തന്നെ താരമായി കഴിഞ്ഞു. പ്രാർത്ഥനയുടെ പാട്ടിനും ഗിത്താർ വായനയ്ക്കും സോഷ്യൽ മീഡിയയിൽ ആരാധകരും ഒട്ടേറെയുണ്ട്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകളും ഡബ്മാഷുമൊക്കെ വൈറലാണ്.
അച്ഛൻ ഇന്ദ്രജിത്ത് നായകനായ ‘മോഹൻലാൽ’ സിനിമയിലൂടെ പ്രാർത്ഥന പാട്ടുകാരിയായും മാറി. സിനിമയിലെ പ്രാർത്ഥന പാടിയ ‘ലാലേട്ടാ..’ എന്ന ഗാനം ഹിറ്റായിരുന്നു. സിനിമയുടെ ടീസർ പുറത്തിറങ്ങിയതു മുതൽ ഏവരും അന്വേഷിച്ചത് ഈ ഗാനം പാടിയത് ആരാണെന്നായിരുന്നു. ഒടുവിൽ ചിത്രത്തിന്റെ തിരക്കഥാകൃത്തായ സുരേഷ് വരനാട് ഫെയ്സ്ബുക്കിലൂടെയാണ് ഗാനം പാടിയത് പ്രാർത്ഥനയാണെന്ന വിവരം അറിയിച്ചത്.
പ്രാർത്ഥനയുടെ മറ്റൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാവുന്നത്. ഇത്തവണ പ്രാർത്ഥനയ്ക്കൊപ്പം മറ്റൊരു താരം കൂടിയുണ്ട്, മംമ്ത മോഹൻദാസ്. പാട്ടുകാരിയായി മമതയുളളപ്പോൾ ഗിത്താറിസ്റ്റായിട്ടാണ് പ്രാർത്ഥനയുളളത്. മമത പാടിയ ഇംഗ്ലീഷ് ഗാനത്തിന് പ്രാർത്ഥനയുടെ ഗിത്താർ വായന കൂടിയായപ്പോൾ സംഗതി ഉഷാറായി.
വീഡിയോയിൽ ഇന്ദ്രജിത്തും ഭാര്യ പൂർണിമ ഇന്ദ്രജിത്തും ഇളയമകൾ നക്ഷത്രയുമുണ്ട്. ഇന്ദ്രജിത്തിന്റെ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം മംമ്ത തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘ഇതുപോലെ ഒത്തുകൂടിയിട്ട് വർഷങ്ങളായി, പക്ഷേ ഇപ്പോൾ എല്ലാം ഇന്നലെ പോലെ തോന്നുന്നു’, ഇന്ദ്രജിത്തിന്റെ കുടുംബത്തിനൊപ്പമുളള ചിത്രം പങ്കുവച്ചുകൊണ്ട് മംമ്ത കുറിച്ചു. മംമ്തയുടെ ഫോട്ടോയിൽ നിർമ്മാതാവും എഴുത്തുകാരനുമായ ഷനീം സയിദിനെയും കാണാം.