മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മംമ്ത മോഹൻദാസ്. ‘മയൂഖ’ത്തിലൂടെ മലയാളസിനിമയിലേക്ക് എത്തിയ മംമ്തയ്ക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവരാനായി. അഭിനയം കൊണ്ടു മാത്രമല്ല, കാൻസർ പോരാളിയെന്ന രീതിയിലും ഏറെ പ്രചോദനപരമാണ് മംമ്തയുടെ ജീവിതം.
അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് മംമ്ത ഷെയർ ചെയ്ത കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. “പ്രിയപ്പെട്ട അമ്മാ, നിങ്ങൾക്ക് 60 ആയി, പക്ഷേ ഇപ്പോഴും 16കാരിയാണ്, പ്രത്യേകിച്ച് നിങ്ങളുടെ ആ നുണക്കുഴി മിന്നിമറയുമ്പോൾ. നിങ്ങൾ ഇതുപോലെ തന്നെ എപ്പോഴും പുഞ്ചിരിക്കട്ടെ, ആ നുണക്കുഴി കൂടുതൽ ആഴമേറിയതാകട്ടെ. നിങ്ങൾ എല്ലായ്‌പ്പോഴുമെന്ന പോലെ അത്യാവേശമുള്ളവളും സത്യസന്ധയും ഊർജ്ജസ്വലയും വിനീതയും നീതിയുള്ളവളുമായി നിലകൊള്ളുക. 5 സ്ത്രീകൾ ഒരുമിച്ച് ചെയ്യേണ്ട കാര്യങ്ങൾ മാനേജ് ചെയ്യുന്ന നിങ്ങൾക്ക് ആരോഗ്യം ആശംസിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ പ്രചോദനവും ശക്തിയും നിങ്ങളാണ്. വർഷങ്ങളായി നിങ്ങളിൽ ഒരു നല്ല സുഹൃത്തിനെ കണ്ടെത്താനായത് എന്റെ അനുഗ്രഹമായി കരുതുന്നു,” മംമ്ത കുറിച്ചു.
ഹരിഹരന്‍ ചിത്രമായ മയൂഖത്തിലൂടെ മലയാളത്തിലേക്ക് എത്തിയ മംമ്ത പിന്നീട് ബസ്സ് കണ്ടക്ടര്‍, ലങ്ക, മധുചന്ദ്രലേഖ, ബാബ കല്യാണി, ബിഗ് ബി, പാസ്സഞ്ചര്‍, കഥ തുടരുന്നു, അന്‍വര്‍, റെയ്‌സ്, മൈ ബോസ്, ടു കണ്‍ട്രീസ്, തോപ്പില്‍ ജോപ്പന്‍, ഫൊറൻസിക് എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ ഭാഗമായി. മലയാളത്തിനൊപ്പം തെലുങ്കു, കന്നട ഭാഷാചിത്രങ്ങളിലും മംമ്ത അഭിനയിച്ചു. ഗായിക എന്ന രീതിയിലും ഏറെ ശ്രദ്ധേയയാണ് മംമ്ത.
ലാൽ ബാഗ്, മ്യാവൂ, ജനഗണമന തുടങ്ങിയവയാണ് സമീപകാലത്തിറങ്ങിയ മംമ്തയുടെ ചിത്രങ്ങൾ. പൃഥ്വിരാജ് നായകനാകുന്ന മഹേഷും മാരുതിയും, രാമ സേതു, ജൂതൻ, അൺലോക്ക് എന്നിവയാണ് അണിയറയിലുള്ള മംമ്തയുടെ മലയാളം ചിത്രങ്ങൾ എന്നാണ് റിപ്പോർട്ട്.