‘ടൂ കണ്ട്രീസ്’ എന്ന ചിത്രത്തിനു ശേഷം ദിലീപും മംമ്താ മോഹന്‍ദാസും വീണ്ടും ഒന്നിക്കുന്നു. ദിലീപിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘നീതി’ എന്ന ചിത്രത്തിലാണ് മംമ്തയെത്തുന്നത്. മംമ്തയെ കൂടാതെ പ്രിയാ ആനന്ദും ചിത്രത്തിലെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ദിലീപും മംമ്തയും മുമ്പും നിരധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ‘പാസഞ്ചര്‍’, ‘മൈ ബോസ്’, ‘ടൂ കണ്ട്രീസ്’ എന്നീ ചിത്രങ്ങളില്‍ ഇവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ഈ ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പ്രിയാ ആനന്ദ് ആദ്യമായാണ് ദിലീപിനൊപ്പം അഭിനയിക്കുന്നത്. പ്രിയയുടെ മൂന്നാമത്തെ മലയാളം ചിത്രമാണ് ‘നീതി’. തുടക്കം പൃഥ്വിരാജിന്റെ ‘എസ്ര’യിലൂടെയായിരുന്നു. നിവിന്‍ പോളി, മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ചഭിനയിക്കുന്ന ‘കായംകുളം കൊച്ചുണ്ണി’യാണ് പ്രിയയുടെ രണ്ടാമത്തെ മലയാളം ചിത്രം. സിനിമ ഇനിയും റിലീസ് ചെയ്തിട്ടില്ല.
‘നീതി’യില്‍ മംമ്തയും പ്രിയയും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുകയെന്ന് ചിത്രവുമായി അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രിയ ചിത്രത്തിന്റെ സെറ്റില്‍ എത്തുകയും ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. മംമ്ത സെപ്റ്റംബര്‍ 16നു മാത്രമേ സെറ്റില്‍ ജോയിന്‍ ചെയ്യുകയുള്ളൂ. ‘നീതി’യുടെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്. ആലപ്പുഴ, വാഗമണ്‍ എന്നിവിടങ്ങളാണ് മറ്റു പ്രധാന ലൊക്കേഷനുകള്‍.
ബോളിവുഡ് കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് മലയാളത്തില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ‘നീതി. വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് തന്നെയാണ് പുതിയ സിനിമ ട്വിറ്ററിലൂടെ അനൗണ്‍സ് ചെയ്തിരിക്കുന്നത്. രാഹുല്‍ രാജ് ആണ് ‘നീതി’യുടെ സംഗീതം ഒരുക്കുക.
കമ്മാരസംഭവമാണ് അവസാനം തിയേറ്ററിലെത്തിയ ദിലീപ് ചിത്രം. പ്രൊഫസര്‍ ഡിങ്കനാണ് അടുത്തതായി തിയേറ്ററില്‍ എത്താനുള്ള ചിത്രം. പ്രൊഫസര്‍ ഡിങ്കനില്‍ അഭിനയിച്ചുവരികയാണ് താരം. നമിത പ്രമോദാണ് പ്രൊഫസര്‍ ഡിങ്കനിലെ നായിക. ത്രീഡി സാങ്കേതികവിദ്യയില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇത്. പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍.
ടു കണ്‍ട്രീസിന്റെ വിജയ ശേഷം ദിലീപും തിരക്കഥാകൃത്ത് റാഫിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. മജീഷ്യനായാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. 2017 ല്‍ പുറത്തിറങ്ങിയ വില്ലനാണ് ബി.ഉണ്ണികൃഷ്ണന്റെ അവസാന ചിത്രം.