തന്റെ പുതിയ കാർ ആരാധകർക്ക് പരിചയപ്പെടുത്തുകയാണ് നടി മംമ്ത മോഹൻദാസ്. വാഹനങ്ങളിൽ തനിക്കുള്ള താൽപര്യം കുറച്ച് വ്യത്യസ്തമാണെന്നും മംമ്ത പുതിയ കാർ തിരഞ്ഞെടുത്തതിലൂടെ വ്യക്തമാക്കുന്നു. കേരളത്തിൽ വ്യാപകമായി കാണുന്ന ആഡംബര കാറുകൾക്ക് പകരം വാഹന പ്രേമികൾ കാര്യമായി ഉപയോഗിക്കുന്ന ഒരു കാറാണ് മംമ്ത സ്വന്തമാക്കിയിരിക്കുന്നത്.
പോർഷെയുടെ സ്പോർട്സ് കാറായ 911 കരേര എസ് മോഡൽ ആണ് മംമ്ത സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 1.84 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. കൊച്ചിയിലെ പോർഷെ ഡീലർഷിപ്പിൽ നിന്നു വാങ്ങിയ മഞ്ഞ നിറത്തിലുള്ള കരേര എസിന്റെ ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്.
തന്റെ സ്വപ്നം യാഥാർത്ഥ്യമായി മാറുകയാണെന്ന് കാറിന്റെ ചിത്രങ്ങൾക്കൊപ്പം നൽകിയ കാപ്ഷനിൽ മമത പറയുന്നു. ഒരു പതിറ്റാണ്ടിലേറെയായി താൻ ഇതിനായി കാത്തിരിക്കുകയാണെന്നും മംമ്ത പറഞ്ഞു.
“ഒരു സ്വപ്നം ഇന്ന് യാഥാർത്ഥ്യമായി മാറുന്നു. എന്റെ സൺഷൈൻ, നിങ്ങൾക്കായി ഞാൻ ഒരു പതിറ്റാണ്ടിലേറെയായി കാത്തിരിക്കുന്നു,” മംമ്ത കുറിച്ചു.
“എന്റെ കുടുംബത്തിലെ ഏറ്റവും പുതിയ കുഞ്ഞിനെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നതിൽ അഭിമാനിക്കുന്നു ..റേസിംഗ് യെല്ലോയിൽ പോർഷെ 911 കരേര എസ്,” മംമ്ത കൂട്ടിച്ചേർത്തു.
മംമ്ത ഇതിനു മുൻപും തന്റെ വാഹന പ്രേമം സാമൂഹ്യ മാധ്യമങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ബഹ്റൈനിലൂടെ ഹാര്ലിഡേവിഡ്സണ് ബൈക്കിൽ കറങ്ങുന്ന ഒരു വീഡിയോ മംമ്ത ഈ വർഷം ഏപ്രിലിൽ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ബൈക്ക് ഓടിക്കുകയെന്ന തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം 15 വർഷങ്ങൾക്കു ശേഷം വീണ്ടും ചെയ്യുന്നതിന്റെ സന്തോഷം പങ്കിടുന്നതായും മംമ്ത അന്ന് പറഞ്ഞിരുന്നു. ഒരു കരിയർ ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ ടൗണിലൂടെ സ്വതന്ത്രമായി ബൈക്ക് ഓടിച്ചു നടക്കാനുള്ള അവസരങ്ങൾ ഇല്ലാതാവുകയായിരുന്നുവെന്നും ആ പഴയ ബാംഗ്ലൂർ ദിവസങ്ങൾ തനിക്ക് മിസ് ചെയ്യുന്നുവെന്നും മംമ്ത വീഡിയോക്കൊപ്പമുള്ള കാപ്ഷനിൽ കുറിച്ചിരുന്നു.
Read More: നഷ്ടപ്പെട്ട ചിലത് തിരികെ പിടിക്കുമ്പോൾ, ബൈക്കിൽ കറങ്ങി മംമ്ത; വീഡിയോ