കോവിഡ് 19 മനുഷ്യരുടെ സൈര്വവിഹാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ സന്തോഷത്തോടെയും ഉന്മേഷത്തോടെയും ഇരിക്കാനുള്ള പുത്തൻ മാർഗങ്ങൾ തേടുകയാണ് ഓരോരുത്തരും. കോവിഡ്കാലത്തെ രസകരമായൊരു റെക്കോർഡിംഗ് അനുഭവമാണ് നടിയും ഗായികയുമായ മംമ്ത മോഹൻദാസ് പങ്കുവയ്ക്കുന്നത്.
നിരവധി നല്ല പാട്ടുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ഗായിക കൂടിയായ മംമ്തയെ സംബന്ധിച്ച് തീർത്തും വേറിട്ടൊരു അനുഭവമായിരുന്നു ‘ലാൽ ബാഗ്’ എന്ന ചിത്രത്തിലെ ‘റുമാൽ അമ്പിളി’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ റെക്കോർഡിംഗ്. ലോസ് ഏഞ്ചൽസിലെ തന്റെ അപ്പാർട്ട്മെന്റിലെ വാർഡ്രോബിന് അകത്തിരുന്നാണ് താൻ ‘റുമാൽ അമ്പിളി’ എന്ന ഗാനം പാടി റെക്കോർഡ് ചെയ്തത് എന്നാണ് മംമ്ത പറയുന്നത്. സോഷ്യൽ ഡിസ്റ്റൻസിങ് കാലത്ത്, ഒരു രക്ഷയും ഇല്ലെങ്കിൽ പാട്ട് ഇങ്ങനെയും റെക്കോർഡ് ചെയ്യാമെന്നും മംമ്ത കൂട്ടിച്ചേർക്കുന്നു. ലോകം ഉറങ്ങുന്നതുവരെ കാത്തിരിക്കണം റെക്കോർഡിംഗിന് എന്നും മംമ്ത പറയുന്നു.
Read more: മംമ്ത മോഹൻദാസ് നായികയാവുന്ന ‘ലാൽബാഗ്’ ട്രെയിലർ
ഫൊറൻസിക് സിനിമയ്ക്കുശേഷം മംമ്ത മോഹൻദാസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ‘ലാൽബാഗ്’. പ്രശാന്ത് മുരളി പത്മനാഭനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. രാഹുൽ രാജാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
ബെംഗളൂരുവില്‍ ജോലി നോക്കുന്ന മലയാളി നഴ്സ് ആയിട്ടാണ് മംമ്ത സിനിമയിലെത്തുന്നത്. രാഹുല്‍ മാധവ്, സിജോയ് വര്‍ഗീസ്, നേഹ സക്സേന, നന്ദിനി റായ്, രാഹുല്‍ ദേവ് ഷെട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ട്. മലയാളത്തിനു പുറമെ അന്യഭാഷകളിലും സിനിമ റിലീസിനെത്തും.