രാജ്യാന്തര വായനാ ദിനത്തിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും തന്റെ വായനയെക്കുറിച്ചും ആരോധകരോട് പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. പുസ്തകം വായിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ മകൻ ദുൽഖർ സൽമാൻ ആണ് തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.

വായന ദിനത്തിലും വായന വാരത്തിലും മാത്രം വായിക്കണം എന്നില്ല, എല്ലായിപ്പോഴും വായിക്കാമെന്നു പറഞ്ഞാണ് മമ്മൂട്ടി സംസാരിച്ചു തുടങ്ങിയത്. ”ഒരു ദിവസത്തില്‍ ഒരു വരിയെങ്കിലും വായിക്കാതെ നമ്മുടെ ജീവിതം കടന്ന് പോവുന്നില്ല. പത്രത്തിന്റെ തലക്കെട്ടോ എന്തെങ്കിലും ഒരു ബോര്‍ഡോ കുറിപ്പോ നമ്മള്‍ എന്നും വായിക്കും. ഞാന്‍ ആ വായനയെ കുറിച്ചല്ല പറയുന്നത്, നമ്മള്‍ അറിവിനും ആനന്ദത്തിനും വേണ്ടി വായിക്കുന്ന വായനയെ കുറിച്ചാണ്. സാധാരണ അങ്ങനെ വായിക്കുന്നത് പുസ്തകങ്ങളാണ്.

Read Also: ദീപമോളും ടെലിഫോൺ അങ്കിളും; ‘ഒന്ന് മുതൽ പൂജ്യം വരെ’ ഓർമകളിൽ ഗീതു

മനസ്സുകൊണ്ട് വായിക്കുന്നവരുണ്ട്, ചുണ്ടനക്കി വായിക്കുന്നവരുണ്ട്, പതുക്കെ വായിക്കുന്നവരും വളരെ ഉറക്കെ വായിക്കുന്നവരുമുണ്ട്. ഉറക്കെ വായിക്കുന്നത് പ്രാർത്ഥന പുസ്തകങ്ങളൊക്കെയാണ്. വായിക്കാന്‍ നമുക്ക് വേറെ ഒരുപാട് സംവിധാനങ്ങളുണ്ടെങ്കിലും പുസ്തകത്തിന്റെ മണമറിഞ്ഞ് വായിക്കുന്നത് ഒരു പ്രത്യേക സുഖമാണ്. നമ്മുടെ പ്രവർത്തനങ്ങൾക്ക് നിര്‍ബന്ധിത അവധിക്കാലം വന്നിരിയ്ക്കുകയാണ്. പലരും സിനിമ കണ്ടും വായിച്ചും എഴുതിയും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തും സമയം ചെലവഴിക്കുന്നു. ഞാനും അങ്ങനെയൊക്കെ തന്നെയാണ്, കുറച്ചുനേരം പുസ്തകം വായിക്കും, സിനിമ കാണും.”

പല പുസ്തകങ്ങളും പല തരത്തിൽ വായിക്കാമെന്നു പറഞ്ഞ മമ്മൂട്ടി താൻ വായിക്കുന്ന പ്രത്യേക ടെക്നിക്കിനെക്കുറിച്ചും വ്യക്തമാക്കി. ”വായിക്കുന്ന വാക്കുകള്‍ക്ക് മുന്നിലുള്ള വാക്കിലേക്ക് കണ്ണ് എപ്പോഴും ഇങ്ങനെ പൊയ്ക്കൊണ്ടിരിയ്ക്കും. ഇങ്ങനെയാണ് എന്റെ വായന. ഇതിലൂടെ വായിക്കുന്നതിനൊപ്പം കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുകയും ചെയ്യും.” ഇതിനു പിന്നാലെ ടി.ഡി.രാമകൃഷ്ണന്റെ ‘ഫ്രാൻസിസ് ഇട്ടിക്കോര’ എന്ന നോവൽ മമ്മൂട്ടി വായിച്ചു തുടങ്ങി.

ഒരു നല്ല പുസ്തകം പ്രിയപ്പെട്ടവരെ പോലെയാണെന്ന് പറഞ്ഞാണ് ദുല്‍ഖര്‍ വീഡിയോ പങ്കുവച്ചത്. മമ്മൂട്ടിയുടെ വായനയെ പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook