മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുത്തൻ പണം എന്ന ചിത്രത്തിന്റെ രണ്ടാം ടീസർ പുറത്തിറങ്ങി. തനി കാസർഗോഡ് ഭാഷയിൽ സംസാരിക്കുന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കാസർഗോ് ഭാഷ ശൈലിയിൽ സംസാരിക്കുന്ന മമ്മൂട്ടിയുടെ ഭാഗങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അഞ്ഞൂറ്, ആയിരം നോട്ടുകള്‍ അസാധുവാക്കിയതും, കള്ളപ്പണത്തിന്റെ കഥകളും പ്രമേയമാകുന്ന രഞ്ജിത്- മമ്മൂട്ടി കൂട്ടുകെട്ടിന്റെ ചിത്രമാണ് പുത്തന്‍ പണം. നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കയ്യൊപ്പ്, കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് സമീപകാലത്ത് മമ്മൂട്ടിയും രഞ്ജിത്തും കൈ കോര്‍ത്തത്.

നോട്ടിനായുള്ള നെട്ടോട്ടവും, നോട്ട് നിരോധനത്തിന് പിന്നിലെ കാണാകാഴ്ച്ചകളും, സമകാലിക സംഭവങ്ങളും ചിത്രത്തിൽ തെളിയുമെന്നാണ് സൂചന. രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം  വിഷുവിനോട് അനുബന്ധിച്ച് റിലീസ് ചെയ്യുമെന്നാണ് വിവരം.

മമ്മൂട്ടിയെ കൂടാതെ രഞ്ജി പണിക്കര്‍, മാമുക്കോയ, സിദ്ദിഖ്, ഇനിയ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ഓം‌പ്രകാശ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ സംഗീതം ഷഹബാസ് അമന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ