കൊച്ചിയിലെത്തിയ ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിനെ സ്വീകരിച്ച് മമ്മൂട്ടി. പിആര്‍ഡി ഓഫീസിലെത്തിയാണ് മമ്മൂട്ടി നിക്ക് ഉട്ടിനെ സ്വീകരിച്ചത്. പരിചയപ്പെടലിനിടെ നിക്കിന്റെ പ്രായം ആരാഞ്ഞ മമ്മൂട്ടിയുടെ പ്രതികരണം വൈറലാവുകയാണ്.

നമുക്ക് രണ്ടാള്‍ക്കും ഒരേ പ്രായമാണെന്നും പക്ഷെ ഇവിടെയുള്ളവര്‍ തന്നെ വിളിക്കുന്നത് എഴുപതുകാരനാണെന്നുമായിരുന്നു തമാശയില്‍ കലര്‍ന്ന മമ്മൂട്ടിയുടെ മറുപടി. പരസ്പരം ഫോട്ടോകളെടുത്താണ് മമ്മൂട്ടിയും നിക്കും പിരിഞ്ഞത്.

വിയറ്റ്‌നാമിലെ ഭീകര അവസ്ഥ ലോകത്തെ അറിയിച്ച പ്രശസ്തമായ, നഗ്നയായി റോഡിലൂടെ ഓടി വരുന്ന പെണ്‍കുട്ടിയെ ഫോട്ടോ എടുത്തത് നിക്ക് ആയിരുന്നു. വിയറ്റ്‌നാം യുദ്ധകാലത്ത് യുദ്ധത്തിന്റെ ഭീകരത ഒറ്റ ക്ലിക്കില്‍ ലോകത്തിനു മുമ്പില്‍ തുറന്ന് കാട്ടിയതോടെയാണ് നിക്ക് ഉട്ട് ലോകത്തിനു മുമ്പില്‍ സമാധാനത്തിന്റെ പ്രചാരകനായത്. അസോസിയേറ്റഡ് പ്രസിനു വേണ്ടിയെടുത്ത ‘ടെറര്‍ ഓഫ് വാര്‍’ എന്ന ചിത്രമാണ് അദ്ദേഹത്തിന് 1973 ല്‍ പുലിറ്റ്‌സ്യര്‍ പ്രൈസ് നേടിക്കൊടുത്തത്.

”ജീവന്‍ പണയം വെച്ച്  യുദ്ധത്തിനിരയായ പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്ത നിക്ക് കേരളത്തിന്റെ അതിഥിയാണ്. അദ്ദേഹത്തെ കാണാനാണ് ഞാന്‍ എത്തിയത്. മുന്‍ പരിചയമില്ലെങ്കിലും ചിരപരിചിതരെ പോലെയാണ് ഞങ്ങള്‍ സംസാരിച്ചത്. കേരളത്തെ കുറിച്ച് അദ്ദേഹത്തിന് നല്ല അഭിപ്രായമാണുള്ളത്. നിക്കിനെ കാണാന്‍ സാധിച്ചത് ഒരു ഭാഗ്യമാണ്,” മമ്മൂട്ടി പറയുന്നു.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച രാജ്യാന്തര വാര്‍ത്താ ചിത്രമേളയില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി കേരളത്തിലെത്തിയ നിക്ക് ഉട്ടും ലോസ് ആഞ്ചലസ് ടൈംസ് ഫോട്ടോ എഡിറ്റര്‍ റൗള്‍ റോയും വിവിധ ജില്ലകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിലെത്തിയത്.

Click here to read this in English

ഇരുപതാം വയസിലാണ് വിയറ്റ്നാം യുദ്ധത്തില്‍ നാപാം ബോംബ് ആക്രമണത്തില്‍ പൊളളലേറ്റ് നഗ്‌നയായി ഓടുന്ന പെണ്‍കുട്ടിയുടെ ചിത്രം നിക്ക് പകര്‍ത്തിയത്. സഹോദരന്റെ മരണത്തെ തുടര്‍ന്ന് ആകസ്മികമായാണ് നിക്ക് അസോസിയേറ്റഡ് പ്രസിന്റെ ഫോട്ടോഗ്രാഫറാകുന്നത്. നിരവധി അമേരിക്കന്‍ സൈനികര്‍ മരിച്ചു വീഴുന്നതിനും നിക്കിന്‍റെ ക്യാമറ സാക്ഷിയായിട്ടുണ്ട്.  ലോകത്തെ ഞെട്ടിച്ച ഈ ചിത്രത്തോടെയാണ് യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കന്‍ ഭരണകൂടം തീരുമാനിക്കുന്നത്. അന്ന് നിക്ക്  പകര്‍ത്തിയ വിയറ്റ്‌നാമിലെ പെണ്‍കുട്ടി ഇന്ന് യുനെസ്‌കോയുടെ അംബാസഡറും കൂടിയാണ്. യുദ്ധഭൂമിയില്‍ നിന്നു വാവിട്ടു കരഞ്ഞോടിയ പെണ്‍കുട്ടിയെ തന്റെ വാനില്‍ കയറ്റി രക്ഷപെടുത്തിയ അനുഭവവും നിക്ക് പങ്കുവെച്ചു.

നഗ്നയായ പെണ്‍കുട്ടിയുടെ ചിത്രം പബ്ലിഷ് ചെയ്യുന്നത് അസോസിയേറ്റഡ് പ്രസിന്‍റെ നിയമങ്ങള്‍ക്ക് എതിരായിരുന്നു. അതിനെ ചൊല്ലി നടന്ന തർക്കങ്ങളെ കുറിച്ച് നിക്ക് ഇന്നും ഓർക്കുന്നു. ഒരുപാട് പേർ എതിർത്തെങ്കിലും ചിത്രം കണ്ട ഫോട്ടോഗ്രാഫി ഡയറക്ടർ ചിത്രം റീ ടച്ച് പോലും ചെയ്യരുതെന്ന് പറഞ്ഞ് പബ്ലിഷ് ചെയ്യാനായി അയക്കുകയായിരുന്നു.

നിക്ക് ഉട്ടിനെ ക്യാമറയിൽ പകർത്തി മമ്മൂട്ടി- ചിത്രങ്ങൾ

അതേസമയം, ഓരോ ചിത്രത്തിലൂടെയും വലിയ കഥകള്‍ പറയണമെന്ന് റൗള്‍ റോ അഭിപ്രായപ്പെട്ടു. ജനങ്ങളുമായി അതിവേഗം സംവദിക്കുന്നതിന് സോഷ്യല്‍ മീഡിയയും ആധുനിക സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തണം. ജോലിയില്‍ വിശ്വസ്തതയും മാന്യതയും പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു

ഡച്ചുകാരുമായി കൊച്ചി രാജാവുണ്ടാക്കിയ വട്ടെഴുത്ത് ലിപിയിലെ കരാര്‍ രേഖ, ടിപ്പു സുല്‍ത്താന്റെ കൈയ്യൊപ്പുള്ള കരം രസീത്, 1811 ല്‍ പുറത്തിറങ്ങിയ അറബിക് ബൈബിള്‍, സിറിയന്‍ അക്ഷരത്തില്‍ മലയാളം എഴുതിയ ഗാര്‍ത്തോളിക് രേഖ, 1898 ലെ കൊച്ചി രാജാവിന്റെ ഡയറി തുടങ്ങിയ ചരിത്ര രേഖകള്‍ നിക്ക് ഉട്ടും റൗള്‍ റോയും മമ്മൂട്ടിയും ചേര്‍ന്നു കണ്ടു. താന്‍ ഈ നാട്ടുകാരനായിരുന്നിട്ടും ഇതുവരെ ഈ ചരിത്ര രേഖകളൊന്നും കണ്ടിട്ടില്ലെന്ന മമ്മൂട്ടിയുടെ വാക്കുകള്‍ ചിരിപടര്‍ത്തി. തുടര്‍ന്ന് ബോട്ട് ജെട്ടിയില്‍ നിന്ന് ഉട്ടിനെയും റോയെയും കൂട്ടി മമ്മൂട്ടി ഫോര്‍ട്ട്കൊച്ചിയിലേക്ക് യാത്രയാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ