തമിഴകത്തിന്റെ സൂപ്പർ താരം രജനികാന്തിന്റെ 71-ാം ജന്മദിനമാണ് ഇന്ന്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് സ്റ്റൈൽ മന്നന് ആശംസകളുമായി എത്തുന്നത്. അതിനിടയിൽ മമ്മൂട്ടിയും പ്രിയ സുഹൃത്തിന് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ്.
ഇരുവരും ഒരുമിച്ചു അഭിനയിച്ച ‘ദളപതി’ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് മെഗാസ്റ്റാർ സ്റ്റൈൽ മന്നന് ആശംസകൾ നേർന്നിരിക്കുന്നത്. “പ്രിയപ്പെട്ട രജനികാന്ത്, സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു. എപ്പോഴത്തെയുംപോലെ ആരോഗ്യത്തോടെയിരിക്കുക, അനുഗൃഹീതനായി തുടരുക”, മമ്മൂട്ടി കുറിച്ചു.
മോഹൻലാലും രജനീകാന്തിന് ഫെയ്‌സ്‌ബുക്കിലൂടെ ആശംസകൾ നേർന്നു. “പ്രിയപ്പെട്ട രജനികാന്ത് സാറിന് ജന്മദിനാശംസകൾ നേരുന്നു. നിങ്ങൾ വിനയത്തിന്റെ പ്രതിരൂപമാണ്. നിങ്ങളുടെ നല്ല ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു” എന്നാണ് മോഹൻലാൽ കുറിച്ചത്.
1950 ഡിസംബര്‍ 12 ന് കര്‍ണാടകയിലാണ് രജനികാന്തിന്റെ ജനനം. കര്‍ണാടക ആര്‍.ടി.സിയില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്ന ശിവാജി റാവു ഗെയ്ക്ക്വാദ് എന്ന രജനി 1975ലാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ‘അപൂര്‍വ രാഗങ്ങള്‍’ ആയിരുന്നു ആദ്യ ചിത്രം.
Also Read: വണ്ടി ഓടിക്കുമ്പോഴും ഡയറക്ടര്‍ മോഡില്‍ പൃഥ്വി; എന്തൊരു ഡെഡിക്കേഷനാണെന്ന് ആരാധകര്‍
തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി, ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള രജനികാന്തിന്റെ സൂപ്പർ താരപദവിയിലേക്കുള്ള വളർച്ച അതിവേഗമായിരുന്നു. ചലച്ചിത്ര രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ദാദസാഹേബ് ഫാല്‍കേ പുരസ്‌കാരങ്ങൾ ഉൾപ്പെടെ ലഭിച്ചു.
അഭിനയത്തിന് പുറമേ, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, പിന്നണി ഗായകന്‍ എന്നീ നിലകളിലും രജനികാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയും അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.