കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് കിട്ടാനായുള്ള കാത്തിരിപ്പില്‍ ചിലപ്പോള്‍ മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘പരോള്‍’ റിലീസ് തീയതി മാറ്റിയേക്കും എന്ന് വാര്‍ത്തകള്‍. നേരത്തെ തീരുമാനിച്ച പ്രകാരം മാര്‍ച്ച്‌ 31ന് ചിത്രം റിലീസ് ചെയ്യണമെങ്കില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടി മൃഗസംരക്ഷണ വകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കണം. ഇതിന്‍റെ പകര്‍പ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചാല്‍ മാത്രമേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. പെസഹ വ്യാഴം സംബന്ധിച്ച് അനിമല്‍ ഹസ്ബന്‍ഡറി, സെന്‍സര്‍ ബോര്‍ഡ്‌ എന്നീ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കെല്ലാം ഇന്ന് അവധി എന്നതാണ് ഇതിലെ ഒരു പ്രശ്നം. എന്നാല്‍ റിലീസ് മാറ്റാതിരിക്കായി എല്ലാവിധ സഹകരണങ്ങളും ഈ ഓഫീസുകളുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്നുണ്ട്.

മൃഗസംരക്ഷണ വകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് ഇന്ന് ലഭിച്ചിട്ടില്ലെങ്കില്‍ ‘പരോള്‍’ റിലീസ് ഏപ്രില്‍ 5ലേക്ക് മാറും എന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം.

ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സഖാവ് അലക്സ് എന്ന കര്‍ഷക കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ കഥയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കര്‍ഷകനായ, കമ്മ്യൂണിസ്റ്റായ അലക്സ് എന്നയാളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് സിനിമയുടെ സഞ്ചാരം. ചിത്രത്തില്‍ ഒരു തടവുകാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് സൂചന. മിയയും ഇനിയയുമാണ് ചിത്രത്തിലെ നായികമാര്‍.

ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടന്‍ പ്രഭാകര്‍, സിദ്ധിഖ്, സുരാജ്, ലാലു അലക്സ്, സുധീര്‍ കരമന, അശ്വിന്‍ കുമാര്‍, കലാശാര ബാബു, ഇര്‍ഷാദ്, കൃഷ്ണകുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ