മമ്മൂട്ടി ആരാധകര്‍ മാത്രമല്ല, മലയാള സിനിമാ പ്രേമികള്‍ ഒന്നാകെ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് നവാഗതനായ സജീവ് എസ്.പിളള സംവിധാനം ചെയ്യുന്ന മാമാങ്കം. ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിന് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ഇപ്പോള്‍ രണ്ടാം ഷെഡ്യൂളിലേക്ക് കടന്നിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന് മമ്മൂട്ടി എത്തിച്ചേര്‍ന്നതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

‘മാമാങ്ക’ത്തിന്‍റെ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുന്നത് സംഗീത സംവിധായകന്‍ എം.ജയചന്ദ്രനാണ്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിനായി ഗാന ഗന്ധര്‍വ്വന്‍ യേശുദാസ്, ശ്രേയാ ഘോഷാല്‍, ബോംബെ ജയശ്രീ, സംഗീത സംവിധായകന്‍ വിദ്യാധരന്‍ എന്നിവര്‍ ഗാനങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്തു എന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അജയ് ഗോപാല്‍ എഴുതി, എം.ജയചന്ദ്രന്‍ സംഗീതം പകര്‍ന്ന മനോഹര ഗാനം ആലപിച്ചതിന്‍റെ സന്തോഷം ബോംബെ ജയശ്രീ ഇങ്ങനെ പങ്കുവച്ചു. ബോംബെ ജയശ്രീയുടെ വലിയ ആരാധകനാണ് താന്‍ എന്നും അവരുമായി ചേര്‍ന്ന് ഒരു താരാട്ട് പാട്ട് റെക്കോര്‍ഡ്‌ ചെയ്യാന്‍ അവസരം ലഭിച്ചത് മറക്കാനാവാത്ത അനുഭവമാണ് എന്നും എം.ജയചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

“ഈ ഗാനത്തിന്‍റെ ഈണവും അതിന്‍റെ ആലാപനവും എനിക്ക് തീവ്രമായ ഒരു കലാനുഭവമാണ് സമ്മാനിച്ചത്‌. ഇങ്ങനെ ഒരു വലിയ പഠനത്തിനും കൂടിയുള്ള ഒരവസരം തന്നതിന് നന്ദി പറയാന്‍ വാക്കുകളില്ല.”, ഓസ്കര്‍ നോമിനേഷന്‍ ലഭിച്ച കര്‍ണാടക സംഗീതജ്ഞ ബോംബെ ജയശ്രീ പറഞ്ഞു.

ചിത്രത്തില്‍ യേശുദാസ് ആലപിക്കുന്ന ഗാനം എഴുതിയത് റഫീഖ് അഹമ്മദ് ആണ്.

വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് ‘മാമാങ്കം’. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിര തന്നെയുണ്ടാകും. രണ്ട് ബോളിവുഡ് അഭിനേത്രികള്‍ക്കൊപ്പം മൂന്ന് മലയാള നടികളും ചിത്രത്തില്‍ അഭിനയിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സത്രീ വേഷത്തിലടക്കം നാലു വ്യത്യസത ഗെറ്റപ്പുകളിലാണ് മെഗാസ്റ്റാര്‍ എത്തുക.

പന്ത്രണ്ട് വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് സജീവ് എസ്.പിള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. 17-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. മമ്മൂട്ടിക്കൊപ്പം നീരജ് മാധവും ചിത്രത്തിലുണ്ട്. നാല് ഷെഡ്യൂളുകളിലായാണ് മാമാങ്കം ചിത്രീകരിക്കുന്നത്. 50 കോടിയോളം രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എറണാകുളവും മംഗലാപുരവുമെല്ലാം ചിത്രത്തിന്റെ ലൊക്കേഷനുകളാണ്.  മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ‘മാമാങ്കം’ മൊഴി മാറ്റുന്നുണ്ട്. മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് ‘മാമാങ്കം’ നിര്‍മ്മിക്കുന്നത്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മാഘമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ