കൊച്ചി: “പണമോ പ്രശസ്‌തിയോ ആഗ്രഹിക്കാതെ ഉദാത്തമായ സിനിമ നിര്‍മിക്കുന്ന ഇവരുടെ ആത്മാര്‍പ്പണം അസൂയവഹമാണ്.  വെറും വിവരണങ്ങള്‍ക്കപ്പുറം ഉദാത്തമായ മാനവിക ദര്‍ശനം ഉയര്‍ത്തിപ്പിടിക്കുന്നവയാണവയോരോന്നും.”, പറയുന്നത് മലയാളത്തിന്‍റെ പ്രിയതാരം മമ്മുട്ടി. തന്‍റെ കോളേജ്‌ കാല സിനിമാമോഹങ്ങള്‍ക്ക്‌ പിന്തുണയേകിയവരില്‍ ഇവരുമുണ്ടായിരുന്നു.  എന്നാലും താനും മലയാളനാടും ഇവരുടെ ആഗോളനേട്ടങ്ങള്‍ തിരിച്ചറിയാന്‍ വൈകി.  പ്രശസ്‌ത ഡോക്യുമെന്ററി സംവിധായ ദമ്പതിമാരായ പ്രൊഫ. കെ. പി. ജയശങ്കറും പ്രൊഫ. അഞ്‌ജലി മൊണ്ടേറോയ്ക്കും കൊച്ചിന്‍ ഫിലിം സൊസൈറ്റിയും ഓര്‍ത്തിക്‌ ക്രിയേറ്റിവ്‌ സെന്ററും ചേര്‍ന്ന്‌ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

അഞ്‌ജലി മൊണ്ടേറോ, ഡോ. വി. പി. ഗംഗാധരന്‍, പ്രൊഫ. കെ. പി. ജയശങ്കര്‍, മമ്മൂട്ടി, കെ. ആര്‍. വിശ്വംഭരന്‍, കലാധരന്‍

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫസര്‍മാരായ ഇരുവരും ചേര്‍ന്ന്‌ 33 ഡോക്യുമെന്ററികളാണ്‌ ഇക്കാലത്തിനിടെ സംവിധാനം ചെയ്‌തത്‌.  ഇക്കൂട്ടത്തിലെ ഏറ്റവും പുതിയതും കച്ച്‌ ത്രയത്തിലെ മൂന്നാമത്തേതുമായ എ ഡെലിക്കേറ്റ്‌ വീവീന്‍റെ പ്രദര്‍ശനവും സ്വീകരണത്തോടനുബന്ധിച്ച്‌ നടന്നു.  ചടങ്ങില്‍ ജയശങ്കറിന്‍റെ മഹാരാജാസ്‌ സമകാലീനരായിരുന്ന മമ്മൂട്ടി, ഡോ. വി. പി. ഗംഗാധരന്‍, ഡോ. കെ. ആര്‍. വിശ്വംഭരന്‍ തുടങ്ങിയവരും ചലച്ചിത്ര നിരൂപകന്‍ ഐ ഷണ്‍മുഖദാസ്‌, സംവിധായകന്‍ ദിലീഷ്‌ പോത്തന്‍, പ്രശസ്‌ത ചിത്രകാരന്‍ കലാധരന്‍, കൊച്ചിന്‍ ഫിലിം സൊസൈറ്റി പ്രസിഡന്റ്‌ ഐഷ സലിം, സെക്രട്ടറി അനൂപ്‌ വര്‍മ തുടങ്ങിയവരും സംബന്ധിച്ചു.

തങ്ങളുടെ ഏറ്റവും പുതിയ ഡോക്യുമെന്ററിയില്‍ മുന്‍സൃഷ്ടികളെ അപേക്ഷിച്ച്‌ കാവ്യാത്മകഭാഷയുടെ അഭാവമുണ്ടെങ്കില്‍ അത്‌ നേരിട്ടുള്ള സംവേദനത്തിന്‍റെ കാലം ആസന്നമായെന്നാണ്‌ കാണിക്കുന്നതെന്ന്‌ അവര്‍ പറഞ്ഞു.  2016-ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം (പ്രത്യേക പരാമര്‍ശം) നേടിയ ഗ്രന്ഥമായ എ ഫ്‌ളൈ ഇന്‍ ദ കറി: ഇന്‍ഡിപെന്റന്റ്‌ ഡോക്യുമെന്ററി ഫിലിം ഇന്‍ ഇന്ത്യയും ഈ സംവിധായക ദമ്പതിമാര്‍ രചിച്ചതാണ്‌.

കബീര്‍ ദാസിന്റെയും ഷാ ഭിട്ടായിയുടേയും കവിതാ സംഗീത പാരമ്പര്യം ഉള്‍ക്കൊണ്ട്‌ മതസൗഹാര്‍ദ്ദവും പരസ്‌പര സ്‌നേഹവും ഊട്ടിയുറപ്പിക്കുന്ന ഗുജറാത്തിലെ കച്ച്‌ പ്രവിശ്യയിലെ നാല്‌ വ്യത്യസ്‌ത സംഗീത ധാരകളെ കുറിച്ചുള്ള അനുഭവമാണ്‌ എ ഡെലിക്കേറ്റ്‌ വീവ്‌ രേഖപ്പെടുത്തുന്നത്‌.  കച്ചിലെ മതനിരപേക്ഷത തീര്‍ത്തും നൈസര്‍ഗികമാണെന്നും വിദ്യാഭ്യാസവും മനുഷ്യസ്‌നേഹവും തമ്മില്‍ ബന്ധമില്ലെന്നാണ്‌ അത്‌ കാണിക്കുന്നതെന്നും നിരക്ഷരരായ കച്ച്‌ വാസികളെ ഓര്‍ത്തുകൊണ്ട്‌ ജയശങ്കര്‍ സാക്ഷ്യപ്പെടുത്തി. 2008 ല്‍ ആരംഭിച്ച ഈ സംവിധായകദമ്പതിമാരുടെ കച്ച്‌ അനുഭവയാത്ര ഇന്നും തുടരുന്നത്‌ ഈ അറിവുകളുടെ അടിസ്ഥാനത്തിലാണ്‌.

ഗുജറാത്തില്‍ വര്‍ഗീയകലാപങ്ങളുണ്ടായപ്പോഴും ഗുജറാത്തിന്‍റെ ഭാഗവും പാക്കിസ്ഥാന്‍ അതിര്‍ത്തിപ്രദേശവുമായ കച്ച്‌ തീര്‍ത്തും ശാന്തമായിരുന്നുവെന്ന്‌ ജയശങ്കര്‍ ചൂണ്ടിക്കാണിച്ചു. അക്ഷരാഭ്യാസമില്ലെങ്കിലും ആയിരത്തിലേറെപ്പേജുള്ള ഗ്രന്ഥങ്ങള്‍ വാമൊഴികളിലൂടെ കൈമാറിപ്പോരുന്ന ഒട്ടേറെപ്പേര്‍ ഇപ്പോഴും കച്ചിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡോക്യുമെന്ററികളുടെ കൂട്ടത്തില്‍ ഇവര്‍ സംവിധാനം ചെയ്‌ത കച്ച്‌ ത്രയം ഒരുപക്ഷേ ഇത്തരത്തില്‍ ലോകത്തില്‍ത്തന്നെ ഇത്തരത്തില്‍പ്പെട്ട ആദ്യത്രയമായിരിക്കുമെന്ന്‌ ചലച്ചിത്രനിരൂപകനും അദ്ധ്യാപകനുമായ ഐ. ഷണ്‍മുഖദാസ്‌ അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ