കൊച്ചി: മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 30ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ജനുവരി ആദ്യം റിലീസിന് എത്തുമെന്നാണ് പറഞ്ഞിരുന്നത്. ഇതിനിടെയാണ് ചിത്രം സാക്ഷാല്‍ ബാഹുബലിയെ കടത്തിവെട്ടിയിരിക്കുന്നത്.

ബാഹുബലി രണ്ടാം ഭാഗമായ ബാഹുബലി ദ കണ്‍ക്ലൂഷന്‍ മോഷന്‍ പോസ്റ്ററിനെ കടത്തിവെട്ടിയിരിക്കുകയാണ് മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ മോഷന്‍ പോസ്റ്റര്‍. ദ ഗ്രേറ്റ് ഫാദര്‍ മോഷന്‍ പോസ്റ്റര്‍ പുറത്തു വന്ന ദിവസം തന്നെ വന്‍ സ്വീകാര്യതയായിരുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഒരു ദിവസം പിന്നിട്ടപ്പോള്‍ തന്നെ യൂട്യൂബ് ട്രെന്‍ഡിംഗ് പട്ടികയില്‍ ഇന്ത്യയില്‍ ഒന്നാമതെത്തി.

കഴിഞ്ഞ ദിവസം പ്രമോഷന്റെ ഭാഗമായി ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍പുറത്ത് വിട്ടിരുന്നു. 55 സെക്കന്റ് ദൈര്‍ഘ്യമുള്ള മോഷന്‍ പോസ്റ്ററില്‍ മമ്മൂട്ടിയുടെ കിടിലന്‍ ലുക്കാണ് പ്രേക്ഷകരെ ആകര്‍ഷിച്ചത്. മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി ഒറ്റ ദിവസംകൊണ്ട് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ റെക്കോര്‍ഡാണ് ദ ഗ്രേറ്റ് ഫാദര്‍ തകര്‍ത്തത്. നാല് ദിവസം കൊണ്ട് പത്ത് ലക്ഷത്തിലധികംം ആളുകളാണ് വീഡിയോ കണ്ടത്. ബാഹുബലി 2വിന്റെ പോസ്റ്റര്‍ പ്രേക്ഷകരെ നിരാശരാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന്റെ പോസ്റ്ററിന് ലഭിച്ചത്.

ഗ്രേറ്റ് ഫാദറില്‍ ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സ്‌നേഹയാണ് ചിത്രത്തിലെ നായിക. ആര്യ, ബേബി അനിഘ, മാളവിക എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആഗസ്റ്റ് വസിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ