മലയാളികളും തമിഴ്നാട് സ്വദേശികളും മമ്മൂട്ടി ആരാധകരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ദേശീയ പുരസ്‌കാര ജേതാവ് റാം അണിയിച്ചൊരുക്കിയ ‘പേരന്‍പ്’.   സ്പാസ്ടിക്ക് ആയ മകളുടെ അച്ഛന്‍ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്‌. അമുദവന്‍ എന്നാണ് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ചിത്രത്തിന്റെ റിലീസ് സെപ്റ്റംബര്‍ ഏഴിനാണ് തീരുമാനിച്ചിരുന്നത്. അന്ന് മമ്മൂട്ടിയുടെ ജന്മദിനം കൂടി ആയിരുന്നു. എന്നാല്‍ ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രമായ ‘സീമ രാജ’യും ഇതേ ദിവസം റിലീസ് പ്രഖ്യാപിച്ചതുകൊണ്ട് ‘പേരന്‍പി’ന്റെ റിലീസ് തീയതി മാറ്റിയേക്കും.

‘പേരന്‍പ്’ ചൈനയിലും റിലീസ് ചെയ്‌തേക്കാം എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.   ചിത്രം ഷംഗായ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് ചൈനയിലെ മുന്‍നിര വിതരണക്കമ്പനി സിനിമയുടെ അണിയറ പ്രവര്‍ത്തകരെ സമീപിച്ചത്.

“ചര്‍ച്ചയുടെ അവസാനഘട്ടത്തിലാണ് ഞങ്ങള്‍. സാമ്പത്തിക കാര്യങ്ങളില്‍ ഒരു തീരുമാനത്തിലെത്തിയാല്‍ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിക്കും,” ചിത്രവുമായി ബന്ധപ്പെട്ടവര്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ്സിനോടു പറഞ്ഞു.

അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ചൈനയില്‍ റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രം എന്ന ഖ്യാതി ‘പേരന്‍പി’ന് സ്വന്തമാകും. കഴിഞ്ഞ വര്‍ഷം ആമിര്‍ഖാന്റെ ദംഗല്‍ എന്ന ചിത്രം ചൈനയില്‍ റിലീസ് ചെയ്തിരുന്നു. ചൈനയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം ആമിര്‍ ഖാന്‍ നായകനായ ‘ദംഗലാ’ണ്. ഷംഗായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും റോട്ടഡാം ഫിലിം ഫെസ്റ്റിവലിലും  നിറഞ്ഞ സദസ്സിലായിരുന്നു ‘പേരന്‍പി’ന്റെ എല്ലാ പ്രദര്‍ശനങ്ങളും. എല്ലാത്തരം പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് വൃത്തങ്ങള്‍ പറയുന്നു.

വിദേശത്ത് ടാക്സി ഡ്രൈവറായ അച്ഛന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്‌. തന്മയത്വത്തോടെയുള്ള മമ്മൂട്ടിയുടെ അഭിനയം കണ്ടിരുന്നവരുടെയെല്ലാം ഹൃദയം കീഴടക്കി എന്നാണ് തമിഴകത്ത് നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍.

“നിങ്ങള്‍ എല്ലാവരും ഈ ചിത്രം കാണാന്‍ ഞാന്‍ കാത്തിരിക്കുന്നു. ഈ ചിത്രം കണ്ടു കഴിഞ്ഞു എത്രയോ ദിവസം എന്റെ മനസ്സില്‍ തന്നെ തങ്ങി നിന്നു. മമ്മൂട്ടി സാറിന്റെ (അഭിനയത്തിലുള്ള) ഒരു മാസ്റ്റര്‍ ക്ലാസ്സ്‌ ആണ് ഈ ചിത്രം. അദ്ദേഹത്തിനും ടീമിനും ആശംസകള്‍”, എന്നാണ് ചിത്രം കണ്ട ശേഷം  യുവ നടന്‍ സിദ്ധാർത്ഥ് പറഞ്ഞത്.

Read More: ഇത് മമ്മൂട്ടി സാറിന്റെ മാസ്റ്റര്‍ ക്ലാസ്സ്‌: ‘പേരന്‍പി’നെക്കുറിച്ച് സിദ്ധാര്‍ത്ഥ്

ഹൃദയത്തില്‍ ആഞ്ഞുതറയ്ക്കുന്ന കുടുംബജീവിത വ്യഥയാണ് ചിത്രം തരുന്നതെന്നാണ് ഒരു വിദേശ മാധ്യമം സിനിമയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്  നല്‍കിയ തലക്കെട്ട്. ദേശീയ അവാര്‍ഡ് ജേതാവായ സാധനാ സര്‍ഗം ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള അഞ്ജലി അമീറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

‘പേരൻപി’ന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് 2016ലാണ്. ട്രാൻസ്ജെൻഡര്‍ മോഡലായ അഞ്ജലി അമീര്‍ ആണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാകുന്നത്. മമ്മൂട്ടി തന്നെയായിരുന്നു അഞ്ജലി അമീറിന്‍റെ പേര് റാമിന് പറഞ്ഞുകൊടുക്കുന്നത്. ഒരു മാസികയില്‍ വന്ന അവരുടെ ചിത്രം കണ്ടിട്ടാണ് മമ്മൂട്ടി അഞ്ജലിയെ അറിയുന്നത്.

Mammootty Anjali Ameer

മമ്മൂട്ടി, അഞ്ജലി അമീര്‍

മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ചെയ്യുക എന്നത് തന്റെ 20 വര്‍ഷത്തെ സ്വപ്‌നമായിരുന്നുവെന്നാണ് സംവിധായകന്‍ റാം ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പറഞ്ഞത്.

“തൊണ്ണൂറുകളില്‍, പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ‘സുകൃതം’ എന്ന സിനിമ കാണുന്നത്. അന്ന് ആദ്യമായാണ് ഞാന്‍ മമ്മൂട്ടി എന്ന നടനെ കാണുന്നത്. അന്നേ എനിക്കറിയാമായിരുന്നു ഞാനൊരു സംവിധായകനാകുമ്പോള്‍ അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുമെന്ന്. 20 വര്‍ഷത്തെ സമയം വേണ്ടി വന്നു അതിന് എനിക്ക്,” റാം വെളിപ്പെടുത്തി.

Read More: പ്ലസ് ടുവില്‍ പഠിക്കുമ്പോഴേ അറിയാമായിരുന്നു മമ്മൂട്ടി എന്റെ നായകനാകുമെന്ന്

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ