സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ മലയാളികൾ മമ്മൂട്ടിയെ കണ്ടിട്ട് 22 വർഷങ്ങൾ പൂർത്തിയാവുകയാണ്. രണ്ടര പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും സത്യൻ അന്തിക്കാടും ഒന്നിച്ച് ഒരു ചിത്രത്തിനായി കൈകോർക്കുകയാണ്​ എന്ന വാർത്തയാണ് കുറച്ചു നാളായി സിനിമാലോകത്ത് സജീവമാകുന്നത്. ചിത്രത്തിന് കഥയെഴുതുന്നത് പ്രശസ്ത കഥാകാരനായ ഇഖ്ബാല്‍ കുറ്റിപ്പുറം ആണെന്നാണ് വിവരം.

നിരവധി ഹിറ്റ് മലയാള ചിത്രങ്ങള്‍ക്ക് കഥയെഴുതിയ ആളാണ് ഇഖ്ബാല്‍ കുറ്റിപ്പുറം എന്നത് പുതിയ ചിത്രത്തിന് വളരെയധികം പ്രതീക്ഷ നല്‍കുന്നു. ജോമോന്റെ സുവിശേഷങ്ങള്‍ക്ക് വേണ്ടിയാണ് ഇഖ്ബാലും സത്യന്‍ അന്തിക്കാടും അവസാനമായി ഒന്നിച്ചത്. നിറത്തിന്റെ കഥയിലൂടെയാണ്‌ ഇഖ്ബാൽ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് മേഘമൽഹാർ(കഥ)‍,ഗ്രാമഫോൺ (തിരക്കഥ, സംഭാഷണം), സ്വപനക്കൂട് (കഥ, തിരക്കഥ, സംഭാഷണം), ഫോർ ദ പീപ്പിൾ (തിരക്കഥ), അറബിക്കഥ (കഥ, തിരക്കഥ, സംഭാഷണം), സെവൻസ്, ഡയമണ്ട് നെക്ലേസ്, ഒരു ഇന്ത്യൻ പ്രണയകഥ, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങി ചിത്രങ്ങളും അദ്ദേഹം ചെയ്തു.

പുതിയ ചിത്രം വരുന്നുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ സത്യന്‍ അന്തിക്കാട് സത്യൻ അന്തിക്കാട് ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് സംസാരിച്ചിരുന്നു.

“വാർത്ത നിഷേധിക്കുന്നില്ല. മമ്മൂട്ടിയുമായി ഒരു ചിത്രം ചെയ്യണമെന്ന പ്ലാനുണ്ട്, അങ്ങനെ ഒരു കഥയും ഞാനാലോചിക്കുന്നുണ്ട്. കാര്യങ്ങളൊക്കെ ഒരു കോൺക്രീറ്റ് ലെവലിലേക്ക് വരുന്നതേയുള്ളൂ. വ്യത്യസ്തമായൊരു കുടുംബകഥ വേണം മമ്മൂട്ടിയ്ക്കായി പ്ലാൻ ചെയ്യാൻ എന്നാണ് ആഗ്രഹം. പ്രൊജക്റ്റ് ആലോചനയിലാണ്. ചിത്രത്തിന്റെ കൂടുതൽ കാര്യങ്ങൾ അനൗൺസ് ചെയ്യാൻ സമയം ആവുന്നതേയുള്ളൂ,” കുടുംബചിത്രങ്ങളുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു. എല്ലാ പ്ലാനുകളും നന്നായി നടന്നാൽ ഈ വർഷം തന്നെ മമ്മൂട്ടി ചിത്രം യാഥാർത്ഥ്യമാകാനുള്ള സാധ്യതയും അദ്ദേഹം പങ്കുവെച്ചു.

“‘ഞാൻ പ്രകാശന്റെ’ ജോലികളെല്ലാം കഴിഞ്ഞതിനുശേഷമുള്ള ഒരു വിശ്രമത്തിലാണ് ഞാനിപ്പോൾ. പ്രകാശൻ പൂർണമായും മനസ്സിൽ നിന്നു പോവട്ടെ, അടുത്ത ഏപ്രിൽ മാസത്തോടെയെ അടുത്ത ചിത്രത്തിന്റെ ജോലികളിലേക്ക് മനസ്സുകൊണ്ട് പ്രവേശിക്കൂ,” സത്യൻ അന്തിക്കാട് കൂട്ടിച്ചേർക്കുന്നു.

Read more: മലയാളികള്‍ ‘മിസ്‌’ ചെയ്യുന്ന മമ്മൂട്ടി

‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്'(1987), ‘അർത്ഥം'(1989), ‘കളിക്കളം'(1990), ‘കനൽക്കാറ്റ്’ (1991), ‘ഗോളാന്തരവാർത്ത'(1993), ‘നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്'(1995) എന്നു തുടങ്ങി എട്ടോളം ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചത്. മോഹൻലാൽ നായകനായ ‘ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്'(1986) എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ അതിഥി വേഷത്തിലും മമ്മൂട്ടി എത്തിയിരുന്നു. 1997 ൽ റിലീസ് ചെയ്ത ‘ഒരാൾ മാത്രം’ ആണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഒരാൾ മാത്ര’ത്തിൽ മമ്മൂട്ടിയ്ക്ക് ഒപ്പം തിലകൻ, ശ്രീനിവാസൻ, സുധീഷ്, ശ്രുതി, പ്രവീണ, കാവ്യ മാധവൻ എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

ഡിസംബർ റിലീസായി തിയേറ്ററുകളിലെത്തിയ ‘ഞാൻ പ്രകാശൻ’ ആണ് സത്യൻ അന്തിക്കാടിന്റെ ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. ഏറെ നാളുകൾക്കു ശേഷം സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുക്കെട്ട് വീണ്ടുമൊരുമിച്ച ‘ഞാൻ പ്രകാശൻ’ മികച്ച ബോക്സ് ഓഫീസ് വിജയവും നേടിയിരുന്നു. അതേ സമയം, ‘പോക്കിരിരാജ’യുടെ രണ്ടാം ഭാഗമായ ‘മധുരരാജ’, ബിഗ് ബജറ്റ് ചിത്രമായ ‘മാമാങ്കം’, ‘ഉണ്ട’ തുടങ്ങിയവയാണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook