മമ്മൂട്ടി നായകനാകുന്ന ഉണ്ടയുടെ ഷൂട്ടിങ് ആരംഭിക്കാനുള്ള ലൊക്കേഷൻ സജ്ജീകരണ ജോലികൾ മുളിയൂരിലെ കാട്ടിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഒക്ടോബർ 18 ഓടു കൂടി ഷൂട്ടിങ് ആരംഭിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. അതേസമയം, കാട്ടിൽ സിനിമ ഷൂട്ടിങ് അനുവദിച്ച ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ തീരുമാനത്തിനെതിരെ പ്രകൃതിവാദികൾ രംഗത്തുണ്ട്.

ചന്ദനമരങ്ങൾ ഏറെയുള്ള സ്ഥലത്താണ് ഷൂട്ടിങ് സജ്ജീകരണങ്ങൾ ഒരുക്കി കൊണ്ടിരിക്കുന്നത്. ലൊക്കേഷൻ റെഡിയാക്കാനുള്ള മണൽ പുറത്തുനിന്നും കൊണ്ടുവരികയാണ്. ഷൂട്ടിങ് കാണാൻ കൂടുതൽ പേർ വരുന്നത് കാടിന്റെ സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തുമെന്നാണ് പ്രകൃതിവാദികളുടെ വാദം.

ഈ ആക്ഷൻ കോമഡി എന്റർടെയിനർ ചിത്രത്തിൽ സബ് ഇൻസ്‌പെക്ടർ മണി എന്ന കഥാപാത്രമായാാണ് മമ്മൂട്ടി എത്തുന്നത്. നോർത്ത് ഇന്ത്യയിലെ നക്‌സ്‌ലൈറ്റ് ഏരിയയിൽ ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് പോകുന്ന ഒരു പൊലീസ് യൂണിറ്റിന്റെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടി ഇതുവരെ ചെയ്ത പൊലീസ് വേഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്തനായ കഥാപാത്രമായിരിക്കും ഉണ്ടയിലേത്.

12 കോടിയോളം ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം നിർമിക്കുന്നത് ‘അനുരാഗ കരിക്കിൻ വെള്ള’ത്തിന്റെ സംവിധായകനായ ഖാലിദ് റഹ്മാനാണ്. ഓംകാർ ദാസ് മണിക്‌പുരി, ഭഗ്‌വാൻ തിവാരി, ചിൻ ഹോ ലിയോ എന്നിങ്ങനെ മൂന്നു ബോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ട്. ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അർജുൻ അശോകൻ, ദിലീഷ് പോത്തൻ, അലെൻസിയർ ലോപസ് എന്നിവരാണ് മറ്റു താരങ്ങൾ.

ആരാധകഹൃദയം തുളയ്ക്കാന്‍ ‘ഉണ്ട’ വരുന്നു; ഒന്നിക്കുന്നത് മമ്മൂട്ടിയും ഷൈജു ഖാലിദും

കാസർഗോഡ്, ഛത്തീസ്ഗഡ്, മാംഗ്ലൂർ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ജെമിനി സ്റ്റുഡിയോസുമായി ചേർന്ന് കൃഷ്ണൻ സേതുകുമാർ ആണ് മൂവി മില്ലിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. 2019 ജനുവരിയോടെ ചിത്രം തിയേററ്ററുകളിലെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook