നൂറ് കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ മമ്മൂട്ടി ചിത്രം, മൂന്നാമത്തെ മലയാള ചിത്രം എന്നീ പ്രത്യേകതകളുണ്ട് മധുര രാജയ്ക്ക്. പോക്കിരി രാജയുടെ രണ്ടാം ഭാഗമായി ഒരുങ്ങിയ മധുര രാജ ഇപ്പോഴിതാ തെലുങ്കിലും റിലീസിന് ഒരുങ്ങുന്നു. തെലുങ്കിൽ ‘രാജ നരസിംഹ’ എന്ന പേരിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.

‘അത്താരിന്റികി ദാരെഡി’, ‘യെവാഡു’, ‘റേസ് ഗുർറാം’ തുടങ്ങിയ ചിത്രങ്ങൾ വിതരണം ചെയ്ത പ്രശസ്തനായ വിതരണക്കാരൻ സാധു ശേഖർ ഈ ചിത്രത്തിലൂടെ നിർമ്മാതാവാകുകയാണ്. വൈശാഖ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വില്ലൻ വേഷത്തിൽ ജഗപതി റാവുവും ഗാനരംഗത്തിൽ സണ്ണി ലിയോണും പ്രത്യക്ഷപ്പെട്ടിരുന്നു എന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. ചിത്രത്തിന്റെ ഡബ്ബ് ചെയ്ത വേർഷനാണ് തെലുങ്കിൽ റിലീസ് ചെയ്യുന്നത്.

Read More: നൂറുകോടി ക്ലബ്ബിലേക്ക് മമ്മൂട്ടിയും; ‘മധുരരാജ’ കളക്ഷൻ 100 കോടി കടന്നു

‘പോക്കിരിരാജ’യുടെ രണ്ടാം ഭാഗമായി ഒരുങ്ങിയ ‘മധുരരാജ’ വൻതാരനിരയോടെയാണ് തിയേറ്ററുകളിലെത്തിയത്. പോക്കിരി രാജ റിലീസ് ചെയ്ത് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മധുരരാജ എത്തിയത്. മമ്മൂട്ടിയെ കൂടാതെ ജയ്, ജഗപതി ബാബു, സിദ്ദിഖ്, വിജയരാഘവൻ, നെടുമുടി വേണു, സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാര്‍, അജു വര്‍ഗീസ്, നരെയ്ൻ, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, ജോണ്‍ കൈപ്പള്ളില്‍, സന്തോഷ് കീഴാറ്റൂര്‍, തെസ്നി ഖാന്‍, പ്രിയങ്ക, ബിജു കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

Read More: ബോക്‌സോഫീസിലേക്ക് ഇടിച്ചു കയറിയ ‘മധുരരാജ’: ത്രസിപ്പിക്കുന്ന മേക്കിങ് വീഡിയോ

മധുര രാജ വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും 104 കോടി കളക്റ്റ് ചെയ്തെന്നാണ് റിപ്പോർട്ട്. 45 ദിവസങ്ങൾ കൊണ്ടാണ് ‘മധുരരാജ’ ഈ നേട്ടം കൈവരിച്ചത്. ‘പുലിമുരുകൻ’ എന്ന ചിത്രമാണ് ആദ്യമായി നൂറുകോടി ക്ലബ്ബിൽ കയറിയ മലയാളചിത്രം. ഈ മാർച്ച് മാസം അവസാനം തിയേറ്ററിലെത്തിയ പൃഥ്വിരാജ് ചിത്രം ‘ലൂസിഫറും’ നൂറുകോടി ക്ലബ്ബിൽ കയറിയിരുന്നു. പിന്നാലെ 200 കോടി കളക്റ്റ് ചെയ്ത് ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന ആദ്യ മലയാളചിത്രമാവുകയും ചെയ്തു. ‘പുലിമുരുകൻ’, ‘മധുരരാജ’ എന്നീ ചിത്രങ്ങളിലൂടെ തന്റെ രണ്ടു ചിത്രങ്ങളും നൂറുകോടി ക്ലബ്ബിൽ എത്തിച്ച സംവിധായകനാവുകയാണ് വൈശാഖ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook