scorecardresearch

ഒരു പടത്തിനൊരു ബിരിയാണി, അത് മസ്റ്റാ!

മമ്മൂട്ടി ചിത്രങ്ങളുടെ ലൊക്കേഷനിൽ ഷൂട്ടിങ്ങിന്റെ അവസാനദിവസം സെറ്റിൽ എല്ലാവർക്കുമായി താരം ഒരുക്കുന്ന ബിരിയാണി വിരുന്ന് ഒരു പതിവു കാഴ്ചയാണ്. ബിരിയാണി റെഡിയായാൽ മമ്മൂട്ടി തന്നെ ദം പൊട്ടിച്ച്, സ്വന്തം കയ്യാൽ സ്നേഹത്തോടെ എല്ലാവർക്കും വിളമ്പികൊടുക്കും. ആ പതിവിനു പിന്നിലൊരു കഥയുണ്ട്

മമ്മൂട്ടി ചിത്രങ്ങളുടെ ലൊക്കേഷനിൽ ഷൂട്ടിങ്ങിന്റെ അവസാനദിവസം സെറ്റിൽ എല്ലാവർക്കുമായി താരം ഒരുക്കുന്ന ബിരിയാണി വിരുന്ന് ഒരു പതിവു കാഴ്ചയാണ്. ബിരിയാണി റെഡിയായാൽ മമ്മൂട്ടി തന്നെ ദം പൊട്ടിച്ച്, സ്വന്തം കയ്യാൽ സ്നേഹത്തോടെ എല്ലാവർക്കും വിളമ്പികൊടുക്കും. ആ പതിവിനു പിന്നിലൊരു കഥയുണ്ട്

author-image
Entertainment Desk
New Update
Mammootty | Mammootty Biriyani | Tale of Mammootty Biriyani

സെറ്റിലെ മമ്മൂട്ടി ബിരിയാണിയ്ക്ക് പിന്നിലെ കഥ

സ്നേഹത്തോടെ ഭക്ഷണം ഊട്ടിക്കുന്ന മമ്മൂട്ടിയെന്ന വല്യേട്ടനെ കുറിച്ച് സഹപ്രവർത്തകരായ അഭിനേതാക്കൾ പലപ്പോഴും പല അഭിമുഖങ്ങളിലും വാചാലരാവാറുണ്ട്. ഭക്ഷണത്തിന്റെ രുചി അതു സ്നേഹത്തോടെ വിളമ്പി കൊടുക്കുമ്പോൾ കൂടുമെന്നു വിശ്വസിക്കുന്ന ഒരാളാണ് മെഗാസ്റ്റാർ മമ്മൂട്ടി. വർഷങ്ങളായി തന്റെ ചിത്രങ്ങളുടെ ലൊക്കേഷനിൽ, ഷൂട്ടിങ്ങിന്റെ അവസാനദിവസം എല്ലാവർക്കുമായി മമ്മൂട്ടി ഒരുക്കുന്ന ബിരിയാണി വിരുന്ന് ഒരു പതിവു കാഴ്ചയാണ്. ബിരിയാണി റെഡിയായാൽ താരം തന്നെ ദം പൊട്ടിച്ച്, സ്വന്തം കയ്യാൽ സ്നേഹത്തോടെ എല്ലാവർക്കും വിളമ്പികൊടുക്കും. സ്വാദിഷ്ടമായ ആ ബിരിയാണി നിറഞ്ഞ മനസ്സോടെ കഴിക്കുന്ന പ്രിയപ്പെട്ടവരെ കാണുന്നതിൽ പരം സന്തോഷമെന്ത് എന്ന സംതൃപ്തിയോടെ നല്ലൊരു ആതിഥേയനാവുന്ന മമ്മൂട്ടിയെ കുറിച്ച് താരത്തിനൊപ്പം അഭിനയിച്ച പലരും പിന്നീട് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

Advertisment

ലൊക്കേഷനിലെ 'മമ്മൂട്ടി ബിരിയാണി' എന്ന പതിവിനു പിന്നിൽ രസകരമായൊരു കഥയുണ്ടെന്ന് മുൻപ് ഒരു അഭിമുഖത്തിൽ മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. ഒരു ചെറിയ പൊതിചോറിൽ നിന്നാണ് ഈ ബിരിയാണിയുടെ തുടക്കം. 'ഹരികൃഷ്ണന്‍സി'ന്റെ ഷൂട്ടിങ് നടക്കുമ്പോൾ ഇലച്ചോറു കഴിക്കാനുള്ള തന്റെ കൊതി മമ്മൂട്ടി ഭാര്യ സുൽഫത്തിനെ അറിയിക്കുന്നു. ലൊക്കേഷനിലെത്തിയ സുലു പൊതിഞ്ഞു കൊടുത്ത ചോറ് അന്ന് മോഹന്‍ലാല്‍ തട്ടിയെടുക്കുകയും ചെയ്തു എന്നാണ് കഥ. പിന്നീട് വീട്ടിൽ നിന്നും സുലു ലൊക്കേഷനിലേക്ക് കൊടുത്തുവിടുന്ന ഭക്ഷണത്തിന് ആവശ്യക്കാരേറി. അങ്ങനെയാണ് സെറ്റിൽ എല്ലാവർക്കും താൻ ഭക്ഷണം വിതരണം ചെയ്യാൻ തുടങ്ങിയതെന്നാണ് ഒരിക്കൽ ഇതിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്.

സെറ്റിലെ ബിരിയാണി വിതരണം എന്ന ആശയത്തിലേക്ക് മമ്മൂട്ടി എത്തിച്ചേർന്നതോടെ ആ ആതിഥ്യമര്യാദക്ക് വർഷങ്ങളായി രുചി പകരുന്നത് കണ്ണൂർ തളിപ്പറമ്പിലെ പാലസ് കിച്ചൺ കാറ്ററിങ് സർവീസ് ആണ്. അബ്ദുൽ ഖാദർ, മുത്തലിബ്, ഉനൈസ് എന്നിവരാണ് പാലസ് കിച്ചന്റെ അമരക്കാർ.

Mammootty | Mammootty Biriyani | Tale of Mammootty Biriyani
ലൊക്കേഷനിൽ മമ്മൂട്ടി

ദുൽഖറിന്റെ കല്യാണത്തിന് മലബാർ വിഭവങ്ങൾ ഒരുക്കാൻ പോയതാണ് തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായതെന്നാണ് പാലസ് കിച്ചന്റെ അമരക്കാരനായ അബ്ദുൽ ഖാദർ പറയുന്നു. "ദുൽഖറിന്റെ കല്യാണത്തിന് മലബാർ വിഭവങ്ങൾ ഒരുക്കുന്നതിനുള്ള കരാർ ഞങ്ങൾക്കായിരുന്നു. അന്നാണ് മമ്മൂക്ക ആദ്യമായി ഞങ്ങളുടെ ബിരിയാണി കഴിക്കുന്നത്. മമ്മൂക്കയ്ക്കും അതിഥികൾക്കും ഭക്ഷണം ഏറെ ഇഷ്ടമായി. അതിന് ശേഷം ഏതു പരിപാടിക്കും ഭക്ഷണമുണ്ടാക്കാൻ മമ്മൂക്ക ഞങ്ങളെ വിളിക്കും. 'ബാവുട്ടിയുടെ നാമത്തിൽ' എന്ന സിനിമയുടെ ലൊക്കേഷനിൽ ബിരിയാണി വെക്കാനാണ് ആദ്യമായി ഞങ്ങളെ ഏൽപ്പിച്ചത്," മുൻപ് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ അബ്ദുൽ ഖാദർ പറഞ്ഞതിങ്ങനെ. ഇതിനകം നൂറിൽ കൂടുതൽ ലൊക്കേഷനുകളിൽ മമ്മൂട്ടി ബിരിയാണി വിതരണം നടത്തികഴിഞ്ഞുവെന്നും അബ്ദുൽ ഖാദർ പറഞ്ഞു.

Advertisment

"ഭക്ഷണത്തെ ഇത്രയധികം ബഹുമാനിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. കഴിക്കുന്ന ഭക്ഷണത്തിന്റെ ക്വാളിറ്റിയുടെ കാര്യത്തിൽ അദ്ദേഹത്തിന് നിർബന്ധമുണ്ട്. അതുപോലെ ഭക്ഷണം പാഴാക്കുന്നത് മമ്മൂക്കക്ക് സഹിക്കാൻ കഴിയില്ല. നല്ല ഭക്ഷണം, സ്നേഹത്തോടെ മറ്റുള്ളവർക്കു വിളമ്പി കൊടുക്കാൻ അദ്ദേഹത്തിനിഷ്ടമാണ്. ലൊക്കേഷനിൽ ബിരിയാണി റെഡിയായാൽ മമ്മൂക്ക തന്നെ ദം പൊട്ടിക്കും. എന്നിട്ട് എല്ലാവർക്കും വിളമ്പിക്കൊടുക്കും," അബ്ദുൽ ഖാദർ കൂട്ടിച്ചേർത്തു.

ലൊക്കേഷനിൽ വിതരണം ചെയ്യാൻ മമ്മൂട്ടി കൂടുതലും മട്ടൺ ബിരിയാണിയാണ് പരിഗണിക്കുന്നതെന്ന് അബ്ദു. "മട്ടൺ ബിരിയാണിയും ചിക്കൻ ഫ്രൈയും ഫ്രൂട്ട് സലാഡ് വിത്ത് ഐസ്ക്രീമും. ഇതാണ് തന്റെ സഹപ്രവർത്തകർക്കായി മമ്മൂക്ക  എപ്പോഴും  നൽകുന്നത്. സിനിമാ ലൊക്കേഷൻ എവിടെയാണെന്നും എന്നാണ് ഭക്ഷണം ഒരുക്കേണ്ടതെന്നും അറിയിക്കും. അതിന്റെ തലേ ദിവസം പാചകത്തിന് ആവശ്യമായ സാധനങ്ങളുമെടുത്ത് ഞങ്ങൾ അവിടെയെത്തും. ലൊക്കേഷനിൽ വെച്ചു തന്നെയാണ് ബിരിയാണി തയ്യാറാക്കുക."

എത്രയോ വർഷങ്ങളായി മമ്മൂട്ടി പിൻതുടരുന്ന ആ പതിവ് ഇപ്പോൾ മകൻ ദുൽഖർ സൽമാനും പിൻതുടരുന്നുണ്ട്. കേരളത്തിനകത്ത് ഷൂട്ടിങ് അവസാനിക്കുന്ന ദുൽഖർ സൽമാൻ ചിത്രങ്ങളുടെ ലൊക്കേഷനുകളിലും ബിരിയാണി വിളമ്പും. പാലസ് കിച്ചൺ കാറ്ററിംഗ് ടീമിനെ തന്നെയാണ് ദുൽഖറും ബിരിയാണി ഒരുക്കാൻ വിളിക്കുന്നത്.

കഴിഞ്ഞ വർഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതൽ' എന്ന ചിത്രത്തിന്റെ സെറ്റിലെത്തിയ നടൻ സൂര്യയ്ക്ക് ബിരിയാണി വിളമ്പി കൊടുക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. " പ്രിയപ്പെട്ട മമ്മൂട്ടി സാർ, നിങ്ങളുടെ സമയത്തിനും വിവേകത്തോടെയുള്ള നല്ല വാക്കുകൾക്കും നന്ദി! മികച്ച ആതിഥ്യമര്യാദയും സ്വാദിഷ്ടമായ ഭക്ഷണവും ആസ്വദിച്ചു," എന്നായിരുന്നു ഇതിനെ കുറിച്ച് സൂര്യ ട്വീറ്റ് ചെയ്തത്.

സ്നേഹത്തോടെ വിളമ്പുമ്പോൾ ഏതു ഭക്ഷണത്തിനും രുചി കൂടും. മനുഷ്യരുടെ വയർ നിറയ്ക്കാൻ മാത്രമല്ല, മനസ്സു കൂടി നിറയ്ക്കാൻ കഴിവുള്ളതാവണം ഭക്ഷണം എന്ന് 'ഉസ്താദ് ഹോട്ടലി'ൽ കൊച്ചുമകന് പറഞ്ഞുകൊടുക്കുന്ന തിലകന്റെ ഉപ്പൂപ്പ കഥാപാത്രത്തെയും മലയാളികൾ കണ്ടതാണ്. കഴിക്കുന്നവന്റെ മനസ്സുനിറയ്ക്കുന്ന രുചിയുടെ ആ രഹസ്യം, സുലൈമാനിയിൽ മാത്രമല്ല, ബിരിയാണിലും അൽപ്പം മൊഹബത്തുണ്ടെങ്കിൽ സംഗതി 'കിടില'മാവുമെന്ന് മമ്മൂട്ടിയ്ക്ക് അറിയാം. അതുകൊണ്ട് തന്നെ മമ്മൂട്ടി സെറ്റുകളിലെ ബിരിയാണി വിതരണം സഹപ്രവർത്തകരെ സംബന്ധിച്ചും ഒരനുഭവമാണ്.

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: