പ്രശസ്ത എഴുത്തുക്കാരൻ എം ടി വാസുദേവൻ നായരുടെ നവതി ആഘോഷമായിരുന്നു ബുധനാഴ്ച്ച. തിരൂർ തുഞ്ചൻ പറമ്പിൽ നടന്ന പരിപാടിയിൽ നടൻ മമ്മൂട്ടിയും പങ്കെടുത്തു. എം ടിയുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹവുമൊത്തുള്ള ഓർമകളെ പറ്റിയും താരം വേദിയിൽ പറയുകയും ചെയ്തു.
“പരസ്പരം വർണിക്കാനാകാത്ത ഒരു ബന്ധം ഞങ്ങൾ തമ്മിലുണ്ട്. സഹോദരനോ പിതാവോ മകനോ സുഹൃത്തോ അങ്ങനെ ഏതു രീതിയിലും അദ്ദേഹത്തെ എനിക്കു സമീപിക്കാം. തിരൂരിലേക്ക് രണ്ടു തവണ വരാൻ അവസരമുണ്ടായിട്ടുണ്ട്, അതിൽ ഒരു പ്രാവശ്യം ‘ആവനാഴി’ ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണമുണ്ടായി. പക്ഷെ വരാൻ പറ്റിയില്ല, എന്നാൽ ഇതിനും നല്ലൊരു അവസരം വേറെയുണ്ടെന്ന് എനിക്കു തോന്നുന്നില്ല” തന്റെ ഗുരുവായ എം ടി യുടെ നവതി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയതിൽ സന്തോഷമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.
“എന്നിലെ അഭിനേതാവിനെ പരിപോഷിപ്പിച്ച കഥയും കഥാപാത്രങ്ങളുമാണ് എം ടിയുടേത്.” അദ്ദേഹത്തിന്റെ ഒട്ടനവധി കഥാപാത്രങ്ങളായി മനസ്സിൽ താൻ അഭിനയിച്ചിട്ടുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. കുട്ടികാലം മുതൽക്കെ എം ടിയെ കാണണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നെന്നും പിന്നീട് ഒരു പൊതുപരിപാടിയിൽ വച്ചാണ് കണ്ടുമുട്ടാൻ സാധിച്ചതെന്നും മമ്മൂട്ടി പറയുന്നു. എം ടിയുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അതു മാത്രമല്ല മറ്റു അംഗീകാരങ്ങളും എം ടിയ്ക്ക് സമർപ്പിക്കുന്നെന്നും മമ്മൂട്ടി വേദിയിൽ പറഞ്ഞു.
പിന്നാൾ സമ്മാനമായി എം ടി യ്ക്ക് ഒരു ബ്രേസ്ലെറ്റ് നൽകുകയും ചെയ്തു താരം. മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രിമാരായ സജി ചെറിയാൻ,വി അബ്ദുറഹിമാൻ, പി നന്ദകുമാർ എം എൽ എ, എഴുത്തുക്കാരൻ സി രാധാകൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.