പ്രിയതാരം മമ്മൂട്ടിയ കാണാൻ കാടിറങ്ങി എത്തിയതാണ് ആദിവാസി മൂപ്പനും സംഘവും. ‘കണ്ണൂർ സ്ക്വാഡ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി വയനാടിലാണിപ്പോൾ താരം. കബനി നദിക്ക് സമീപമുള്ള കോളനിയിൽ നിന്നാണ് ആദിവാസി സംഘം എത്തിയത്. ഇരുപ്പത്തിയെട്ടോളം കുടുംബത്തിനുവേണ്ട വസ്ത്രങ്ങൾ താരം സമ്മാനിച്ചു. മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനായ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് വിതരണം നടന്നത്.
ഫൗണ്ടേഷന്റെ മാനേജിങ്ങ് ഡയറക്ടറായ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ നേതൃത്വത്തിൽ കേളനിയിലെ ഓരോ വീടുകൾ സന്ദർശിച്ച് വസ്ത്രങ്ങൾ നൽകി. ആദിവാസി ക്ഷേമ പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനു മുൻപും ആദിവാസി ഊരുകളിൽ വീൽ ചെയർ, സ്ട്രെച്ചറുകൾ എന്നിവ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ നൽകിയിട്ടുണ്ട്.
ആദിവാസി സഹോദരങ്ങൾക്ക് വസ്ത്രം വിതരണം ചെയ്യുന്നതിനൊപ്പം അവരോട് ക്ഷേമ വിവരങ്ങൾ അന്വേഷിക്കുന്നുമുണ്ട് മെഗാസ്റ്റാർ. കൊച്ചി ബ്രഹ്മപുരം തീപിടുത്തത്തിലും മമ്മൂട്ടിയുടെ സഹായം എത്തിയിരുന്നു. ആലുവ രാജഗിരി ആശുപത്രിയിലെ മെഡിക്കൽ സംഘമാണ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് സൗജന്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. പുക കൂടുതൽ വ്യാപിച്ച പ്രദേശങ്ങളിലേക്ക് ഓക്സിജൻ കോൺസട്രേറ്ററുകളും മരുന്നുകളുമായി മെഡിക്കൽ സംഘം പര്യടനം നടത്തി.