കൊച്ചി. സോഫയില്‍ ചാരി താടിക്ക് കൈ കൊടുത്തിരിക്കുന്ന മമ്മൂട്ടി. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ആ ചിത്രത്തിന്റെ മാതൃകയിലുള്ള കേക്കായിരുന്നു മെഗാ സ്റ്റാറിന്റെ ജന്മദിനത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായത്. മമ്മൂട്ടിയ്ക്കായി കുഞ്ചാക്കോ ബോബനും പ്രിയയും ഒരുക്കിയ സ്പെഷ്യൽ കേക്ക് നിര്‍മിച്ചിരിക്കുന്നത് ടീന അവിര സിഗ്നേച്ചര്‍ കേക്സാണ്. മമ്മൂട്ടി എന്ന നടന്റെ ചില സുപ്രധാന നേട്ടങ്ങളും, ചിത്രങ്ങളുമെല്ലാം കേക്കിന്റെ ഭാഗമാണ്.
“ഒരു ഇതിഹാസം ആഘോഷിക്കുമ്പോള്‍, ലോകം അതിലേക്ക് ഒത്തു ചേരുന്നു. നമ്മുടെ ഗ്ലാലക്സിയിലെ എറ്റവും വലുതും, തിളക്കമാര്‍ന്നതുമായ നക്ഷത്രത്തിന് ആശംസകള്‍,” എന്ന അടിക്കുറിപ്പോടെയാണ് ടീന അവിര സിഗ്നേച്ചര്‍ കേക്സ് കേക്കിന്റെ ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചിരിക്കുന്നത്.
എവര്‍ഗ്രീന്‍ ഐക്കണെന്നാണ് കേക്കിന് താഴെയായി എഴുതിയിരിക്കുന്നത്. സോഫയില്‍ താടിക്ക് കൈകൊടുത്ത് പ്രൗഡിയില്‍ ഇരിക്കുന്ന മമ്മൂട്ടിയാണ് ഒരു വശത്ത്. മറു വശത്തായുള്ള ഷെല്‍ഫില്‍ കേരള സംസ്ഥാന പുരസ്കാരവും, കുടുംബാംഗങ്ങളുമൊത്തുള്ള ചിത്രങ്ങളും കാണാം. ഷെല്‍ഫിന്റെ താഴെയായി മമ്മൂട്ടി അഭിനയിച്ച ദ്രുവം, വാത്സല്യം, മതിലുകള്‍, സൂര്യമാനസം, ഏഴുപുന്നതരകന്‍, ദി കിംഗ്, ദി പ്രീസ്റ്റ്, ദളപതി, പൊന്തന്മാട എന്നീ സിനിമകളുടെ പോസ്റ്ററുകളും നല്‍കിയിട്ടുണ്ട്.