മെഗാസ്റ്റാർ മമ്മൂട്ടി പിറന്നാളിന് വിളിക്കാത്ത വിഷമത്തിൽ കരഞ്ഞ് മമ്മൂക്കയോട് മിണ്ടില്ലെന്ന് പിണങ്ങി കർട്ടനടിയിൽ ഒളിച്ച നാലു വയസുകാരിയാണ് രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലെ താരം. ‘മമ്മൂക്കയോട് ഞാൻ മിണ്ടൂല; മമ്മൂക്ക എന്നെ ഹാപ്പി ബർത്ത്ഡേയ്ക്ക് വിളിച്ചില്ല,’ എന്ന പരാതിയോടെ കരഞ്ഞു കൊണ്ട് നടക്കുന്ന പെൺകുട്ടിയുടെ വീഡിയോ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് വീഡിയോ വൈറലായത്. പിറന്നാൾ സ്പെഷ്യൽ ഉടുപ്പ് അടക്കമുള്ള സമ്മാനങ്ങളാണ് മമ്മൂക്ക പീലിമോൾക്ക് സമ്മാനിച്ചത്.

‘പിണങ്ങല്ലേ, എന്താ മോൾടെ പേര്?’ എന്ന ക്യാപ്ഷനോടെയായിരുന്നു മമ്മൂട്ടി വീഡിയോ പങ്കു വച്ചത്. ഇപ്പോളിത പീലി മോളുടെ ജന്മദിനത്തിന് മമ്മൂക്കയുടെ വക സമ്മാനം എത്തിയിരിക്കുന്നു. കൂടാതെ അദ്ദേഹം പീലിമോളെ വീഡിയോ കോൾ വിളിച്ച് ജന്മദിനാശംസകളും നേർന്നു.

മലപ്പുറം പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശി ഹമീദ് അലി പുന്നക്കാടന്റെയും സജ്‌ലയുടെയും മകൾ നാലു വയസുകാരിയായ ദുവാ എന്ന പീലിയാണ് വൈറൽ വീഡിയോയിലെ താരം. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ പെരിന്തൽമണ്ണ താലൂക്ക് വൈസ് പ്രസിഡന്റാണ് ഹമീദ് അലി. കടുത്ത മമ്മൂട്ടി ആരാധികയാണ് പീലി. മമ്മൂട്ടിയുടെ മാത്രമല്ല ദുൽഖറിന്റെയും ആരാധികയാണ് പീലി.

സെപ്റ്റംബർ ഏഴിനായിരുന്നു മമ്മൂട്ടിയുടെ 69ാം ജന്മദിനം. ലോകത്തിന്റെ പല കോണുകളിലിരുന്ന് മലയാളികൾ തങ്ങളുടെ പ്രിയതാരത്തിനുള്ള ജന്മദിനസന്ദേശങ്ങൾ കുറിച്ചിട്ടപ്പോൾ സോഷ്യൽ മീഡിയയാകെ മമ്മൂട്ടി മയമായ കാഴ്ചയാണ് കണ്ടത്. പ്രേക്ഷകർ തന്നോട് കാണിക്കുന്ന നിരുപാധികമായ ഈ സ്നേഹത്തിനും ജന്മദിന ആശംസകൾക്കും സമൂഹമാധ്യമങ്ങളിലൂടെ താരം നന്ദി അറിയിച്ചു.

Read More: പിറന്നാളിന് വിളിക്കാത്തതിൽ മമ്മൂട്ടിയോട് പിണങ്ങിയ ആ കുറുമ്പി പെരിന്തൽമണ്ണയിലുണ്ട്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook