കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനു പിന്നാലെ നടന്‍ ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയ നടപടിയെ വിമര്‍ശിച്ച് അമ്മ വൈസ് പ്രസിഡന്റ് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ രംഗത്ത്. അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ദിലീപിനെ പുറത്താക്കണമെന്ന് പറഞ്ഞ മമ്മൂട്ടിയുടെ നടപടി അടിസ്ഥാനമില്ലാത്തതാണെന്നും പൃഥ്വിരാജിനെപ്പോലുള്ളവരെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണിത് ചെയ്തതെന്നാണ് താന്‍ കരുതുന്നതെന്നുമാണ് ഗണേഷ്‌കുമാര്‍ പറഞ്ഞത്.

ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയതിനു പിന്നാലെ ടൈംസ് ഓഫ് ഇന്ത്യയോടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ‘ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്ന് പറഞ്ഞത് മമ്മൂട്ടിയാണ്. അമ്മയുടെ നിയമ പ്രകാരം ഇത് സാധ്യമല്ല. അദ്ദേഹത്തിന് ദിലീപിനെ അസോസിയേഷനില്‍ നിന്നും സസ്‌പെൻഡ് ചെയ്യാം. അതും അസോസിയേഷന്‍ രൂപംകൊടുത്ത അച്ചടക്ക നടപടിയുടെ അന്വേഷണത്തിന് ശേഷം മാത്രം.’ ഗണേഷ് പറയുന്നു.

അതുകൊണ്ടുതന്നെ ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്ന മമ്മൂട്ടിയുടെ വാദം അടിസ്ഥാന രഹിതമായിരുന്നെന്നും ഗണേഷ് പറയുന്നു. ‘മമ്മൂട്ടി പറഞ്ഞത് അടിസ്ഥാന രഹിതമായിരുന്നു. അങ്ങനെ പറഞ്ഞുകൊണ്ട് അദ്ദേഹം പൃഥ്വിരാജിനെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്.’ അദ്ദേഹം പറഞ്ഞു.

അമ്മയുടെ ഭാഗമാകാന്‍ താല്‍പര്യമുണ്ടെങ്കിൽ ഇനി ദിലീപിന് അമ്മയിലേക്ക് വരാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ‘അമ്മയുടെ ഭാഗമാകണോ വേണ്ടയോ എന്ന് ഇനി ദിലീപിന് തീരുമാനിക്കാം. അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ പൊന്നുകൊണ്ടു പുളിശേരി വച്ചുതരാമെന്ന് പറഞ്ഞാലും അമ്മയിലെന്നല്ല ഒരു അസോസിയേഷനും ചേരില്ല. ദിലീപിന് ശക്തമായി നിലകൊണ്ട് സിനിമയില്‍ മുന്നോട്ടുപോകാം.’ അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ