പേരന്‍പിലെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിനു ശേഷം വീണ്ടും മാസ് ചിത്രങ്ങളുടെ തിരക്കിലേക്കെത്തിരിയിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. വൈശാഖ് സംവിധാനം ചെയ്യുന്ന ‘മധുരരാജയുടെ’ ചിത്രീകരണവും ഓഡിയോ ലോഞ്ചും അടുത്തിടെ കഴിഞ്ഞു. ഇനി ‘അമീര്‍’ ആയാണ് മെഗാസ്റ്റാര്‍ എത്തുന്നത്. വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അമീര്‍’. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അധോലോക നായകനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്.

മമ്മൂട്ടിയുടെ അടുത്തിടെ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ‘അബ്രഹാമിന്റെ സന്തതികളു’ടെ സംവിധായകനും ‘ദി ഗ്രേറ്റ് ഫാദറി’ന്റെ തിരക്കഥാകൃത്തുമായ ഹനീഫ് അദേനിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

Read More:’മധുരരാജ’ ഓഡിയോ റിലീസ്: താരപ്രഭയോടെ മമ്മൂട്ടി- ചിത്രങ്ങൾ കാണാം

വള്ളുവനാടിന്റെ ചാവേറുകളുടെ കഥ പറയുന്ന ‘മാമാങ്കം’ എന്ന ചിത്രത്തിന്റെ ഷൂട്ടും ഉടന്‍ ആരംഭിക്കും. പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം, 22 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രവും അണിയറയില്‍ തയാറെടുപ്പുകള്‍ നടത്തുന്നുണ്ട്. ഏടുത്ത ഏപ്രില്‍ മാസത്തോടെ ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുമെന്ന് സത്യന്‍ അന്തിക്കാട് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് വ്യക്തമാക്കിയിരുന്നു.

Read More: നീണ്ട 22 വർഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാടും മമ്മൂട്ടിയും ഒരുമിക്കുമ്പോൾ

‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്'(1987), ‘അര്‍ത്ഥം'(1989), ‘കളിക്കളം'(1990), ‘കനല്‍ക്കാറ്റ്’ (1991), ‘ഗോളാന്തരവാര്‍ത്ത'(1993), ‘നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്'(1995) എന്നു തുടങ്ങി എട്ടോളം ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചത്. മോഹന്‍ലാല്‍ നായകനായ ‘ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്'(1986) എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അതിഥി വേഷത്തിലും മമ്മൂട്ടി എത്തിയിരുന്നു. 1997 ല്‍ റിലീസ് ചെയ്ത ‘ഒരാള്‍ മാത്രം’ ആണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘ഒരാള്‍ മാത്ര’ത്തില്‍ മമ്മൂട്ടിയ്ക്ക് ഒപ്പം തിലകന്‍, ശ്രീനിവാസന്‍, സുധീഷ്, ശ്രുതി, പ്രവീണ, കാവ്യ മാധവന്‍ എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook