മുന്‍ ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര (വൈഎസ്ആര്‍) റെഡ്ഡിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുകയാണ് മമ്മൂട്ടി. 1992ല്‍ കെ.വിശ്വനാഥ് സംവിധാനം ചെയ്ത ‘സ്വാതി കിരണ’ത്തിന് ശേഷം 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും തെലുങ്കില്‍ എത്തുന്നത്‌.

Mammootty in YSR Bio Pic 'Yaatra' First Look

മാഹി വി.രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘യാത്ര’ എന്നാണ് പേര്. 2009 സെപ്റ്റംബര്‍ 2 ന് ഒരു ഹെലികോപ്പ്റ്റര്‍ ദുരന്തത്തില്‍ മരണമടഞ്ഞ വൈഎസ്ആറിന്‍റെ രാഷ്ടീയ ജീവിതമാകും ചിത്രം പ്രതിപാദിക്കുന്നത്. 2003ല്‍ അദ്ദേഹം നടത്തിയ 1475 കിലോമീറ്റര്‍ പദയാത്രയാണ് ആന്ധ്രയില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ വലിയ പങ്കു വഹിച്ചത് എന്ന് കരുതപ്പെടുന്നു.

വൈഎസ്ആറിന്‍റെ ഭാര്യയായ വിജയലക്ഷ്മിയുടെ വേഷത്തില്‍ എത്തുന്നത്‌ ആശ്രിതാ വെമുഗന്തി എന്ന തെലുങ്ക്‌ നടിയാണ്. ‘ബാഹുബലി 2-ദി കണ്‍ക്ലൂഷനി’ല്‍ അനുഷ്ക ഷെട്ടി അവതരിപ്പിച്ച ദേവസേന എന്ന കഥാപാത്രത്തിന്‍റെ ചേട്ടത്തിയായി എത്തിയത് ആശ്രിതാ വെമുഗന്തിയാണ്. മികച്ച ഭാരതനാട്യം, കുച്ചുപ്പുടി നര്‍ത്തകി കൂടിയാണ് ആശ്രിത. വേദിയില്‍ അവര്‍ നൃത്തം ചെയ്യുന്നത് കണ്ട എസ്.എസ്.രാജമൗലി അവരെ ‘ബാഹുബലി’യില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു.

 

ഭൂമികാ ചാവ്ലയാണ് വൈഎസ്ആറിന്‍റെ മകള്‍ ഷര്‍മിളയുടെ വേഷത്തില്‍ എത്തുന്നത്‌ എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ ബ്ലെസി സംവിധാനം ചെയ്ത ‘ഭ്രമരം’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായിരുന്നു ഭൂമികാ ചാവ്ല. എം.എസ്.ധോണിയുടെ ബയോപിക്കിലും ഭൂമിക വേഷമിട്ടിട്ടുണ്ട്. 2000ത്തില്‍ ‘യുവ്വുക്കുദു’ എന്ന തെലുങ്ക്‌ ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ ഭൂമിക തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ