ഗാനഗന്ധർവ്വൻ എന്ന പേരു കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന മുഖം യേശുദാസിന്റേതാണ്. എന്നാൽ, മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്ത ‘ഗാനഗന്ധര്‍വ്വന്‍’ എന്ന ചിത്രം അനൗൺസ് ചെയ്യപ്പെട്ട അന്നുമുതൽ ആ പേരിനൊപ്പം ചേർന്നിരിക്കുന്ന ഒരു മുഖമായി മമ്മൂട്ടിയും മാറുകയാണ്. ഗാനമേള പാട്ടുകാരനായ കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘ഗാനഗന്ധർവ്വൻ’ ഇന്ന് തിയേറ്ററുകളിലെത്തുകയാണ്.
‘ഗാനഗന്ധർവ്വൻ’ റിലീസിനൊരുങ്ങുമ്പോൾ മമ്മൂട്ടി എന്ന നടന്റെ അഭിനയജീവിതത്തിൽ യേശുദാസ് പാടിയ ഹിറ്റ് പാട്ടുകളിലൂടെ ഒരു സഞ്ചാരമാവാം. ‘മേള’ മുതല്‍ ‘ഗാനഗന്ധര്‍വ്വന്‍’ വരെ നീളുന്ന മമ്മൂട്ടിയുടെ ‘യേശുദാസ് ചരിത്രം’ ഇങ്ങനെ:
മനസ്സൊരു മാന്ത്രികക്കുതിരയായി മാറുന്നു
കെ ജി ജോർജ്ജ് സംവിധാനം ചെയ്ത് 1980ൽ പുറത്തിറങ്ങിയ ‘മേള’ മമ്മൂട്ടിയുടെ ആദ്യകാലചിത്രങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. സർക്കസ് കൂടാരത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയിൽ ഒരു മോട്ടോർ സൈക്കിൾ അഭ്യാസിയായാണ് മമ്മൂട്ടി അഭിനയിച്ചത്. കവി മുല്ലനേഴിയുടെ വരികൾക്ക് എം ബി ശ്രീനിവാസൻ സംഗീതം നൽകി, യേശുദാസ് പാടിയ ‘മനസ്സൊരു മാന്ത്രികക്കുതിരയായി മാറുന്നു’ എന്ന ഗാനം അക്കാലത്ത് ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു.
ശ്രുതിയില്‍ നിന്നുയരും
ഐ വി ശശി സംവിധാനം ചെയ്ത ‘തൃഷ്ണ’ (1981) ലെ ശ്രുതിയില്‍ നിന്നുയരും എന്ന ഗാനവും ഏറെ ജനപ്രീതി നേടിയ ഒന്നായിരുന്നു. മമ്മൂട്ടി, രാജലക്ഷ്മി (നടി), സ്വപ്ന, കവിയൂർ പൊന്നമ്മ എന്നിവർ മുഖ്യ വേഷങളിൽ എത്തിയ ചിത്രത്തിലെ ഗാനങ്ങൾ എഴുതിയത് ബിച്ചു തിരുമല ആയിരുന്നു. ശ്യാം സംഗീതം പകർന്ന പാട്ടുകളിൽ ഏറെ ശ്രദ്ധ നേടിയതും യേശുദാസ് പാടിയ ‘ശ്രുതിയില്‍ നിന്നുയരും’ എന്ന ഗാനമായിരുന്നു.
ദേവദൂതര്‍ പാടി
മമ്മൂട്ടിയും സരിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭരതൻ ചിത്രം, 1985 ൽ പുറത്തിറങ്ങിയ ‘കാതോടു കാതോരം’. ചിത്രത്തിൽ യേശുദാസ് പാടിയ ദേവദൂതർ പാടി എന്ന ഗാനം മമ്മൂട്ടിയുടെയും യേശുദാസിന്റെയും കരിയറിൽ ഒരുപോലെ ശ്രദ്ധ നേടിയ ഒന്നായിരുന്നു.
ചന്ദനലേപ സുഗന്ധം
‘ഒരു വടക്കൻ വീരഗാഥ’ എന്നു കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്ന ഗാനങ്ങളിലൊന്നാണ് ‘ചന്ദന ലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ’ എന്ന ഗാനം. മലയാളത്തിലെ എക്കാലത്തെയും മികച്ച ചരിത്രസിനിമകളിൽ ഒന്നായ ‘ഒരു വടക്കൻ വീരഗാഥ’യ്ക്ക് വേണ്ടി യേശുദാസ് പാടിയ ഈ ഗാനം, മമ്മൂട്ടിയുടെയും മികച്ച ഗാനരംഗങ്ങളിൽ ഒന്നാണ്. കെ ജയകുമാറിന്റെ വരികൾക്ക് ബോംബെ രവിയാണ് സംഗീതം ഒരുക്കിയത്.
വികാരനൗകയുമായി
അച്ഛൻ- മകൾ ബന്ധം അതിമനോഹരമായി ആവിഷ്കരിച്ച ‘അമരം’ (1991) എന്ന ചിത്രത്തിലെ ഏറ്റവും ഹൃദയസ്പർശിയായ ഒന്നാണ് വികാരനൗകയുമായി എന്നു തുടങ്ങുന്ന ഗാനം. കൈതപ്രത്തിന്റെ വരികൾക്ക് രവീന്ദ്രൻ മാഷ് സംഗീതം നൽകി യേശുദാസ് ആലപിച്ച ഗാനം രണ്ടു പതിറ്റാണ്ടുകൾക്ക് ഇപ്പുറവും സംഗീതപ്രേമികളുടെ ഹൃദയത്തിൽ നിത്യഹരിതമായി നിലകൊള്ളുകയാണ്.
തരളിതരാവില്‍ മയങ്ങിയോ സൂര്യമാനസം
പുട്ടുറുമീസ് എന്ന് വിളിപ്പേരുള്ള മാനസിക വൈകല്യമുള്ള നായക കഥാപാത്രത്തെ മമ്മൂട്ടി അവിസ്മരണീയമാക്കിയ ചിത്രമായിരുന്നു 1992-ൽ പുറത്തിറങ്ങിയ ‘സൂര്യമാനസം’. വിജി തമ്പി സംവിധാനം ചെയ്ത ചിത്രത്തിലെ ‘തരളിതരാവില്‍ മയങ്ങിയോ സൂര്യമാനസം’ എന്ന ഗാനം മാനസിക വൈകല്യമുള്ള ഒരു മകന്റെയും അവന്റെ നിരാലംബയായ അമ്മയുടെയും സങ്കടങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്ന ഒന്നായിരുന്നു.
‘മഴയെത്തും മുന്‍പേ’ എന്ന ചിത്രത്തിലെ എന്തിനു വേറൊരു സൂര്യോദയം, ‘സുകൃത’ത്തിലെ കടലിന്നഗാധമാം നീലിമയില്‍, ‘അഴകിയ രാവണനി’ലെ വെണ്ണിലാചന്ദനകിണ്ണം, ‘പാഥേയ’ത്തിലെ ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്, ‘കാഴ്ച’യിലെ കുഞ്ഞേ നിനക്ക് വേണ്ടി, ‘അരയന്നങ്ങളുടെ വീട്ടി’ലെ ദീനദയാലോ രാമാ, ‘പഴശ്ശിരാജ’യിലെ ആദി ഉഷസന്ധ്യ പൂത്തതെവിടെ എന്നിങ്ങനെ മമ്മൂട്ടി ചിത്രങ്ങൾക്കു വേണ്ടി യേശുദാസ് പാടിയ മധുരമനോഹര ഗാനങ്ങൾ അനവധിയാണ്.
മലയാളത്തിന് അപ്പുറം, തമിഴിലും മമ്മൂട്ടിയ്ക്കായി നിരവധി നല്ല ഗാനങ്ങൾ യേശുദാസ് പാടിയിട്ടുണ്ട്. ‘മൗനം സമ്മതം’ എന്ന ചിത്രത്തിലെ കല്യാണത്തേൻനിലയാണ് അതിൽ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങളിലൊന്ന്.
‘ദളപതി’യിലെ കാട്ടുക്കുയില് മനസ്സുക്കുള്ളെയും സംഗീതപ്രേമികളുടെ ഹൃദയത്തിലിടം പിടിച്ച ആഘോഷഗാനങ്ങളിൽ ഒന്നാണ്.
Read more: ഇതേതാ ഈ യൂത്തൻ? ‘ഗാനഗന്ധർവ്വൻ’ മമ്മൂട്ടിയെ കണ്ട് ഞെട്ടി ആരാധകർ