“മലയാളഭാഷ മനസ്സിലാക്കാനും പഠിക്കാനും  സെൻസ് വേണം, സെൻസിബിലിറ്റി വേണം, സെൻസിറ്റിവിറ്റി വേണം,”  കെജിഎഫ് എന്ന ചിത്രത്തിലൂടെ കന്നടസിനിമാലോകത്തെ താരമായി മാറിയ യുവനടൻ  യഷാണ് മലയാളഭാഷയ്ക്ക് മുന്നിൽ മുട്ടുമടക്കിയത്. മമ്മൂട്ടി നായകനാവുന്ന വൈഎസ്ആർ ബയോപിക് ചിത്രം ‘യാത്ര’യുടെ മലയാളം  ട്രെയിലർ ലോഞ്ചിനായി കേരളത്തിലെത്തിയതായിരുന്നു യഷ്. “കൊച്ചി സുഖമാണോ? ” എന്നു ചോദിച്ച് തന്റെ പ്രസംഗം തുടങ്ങിയ യഷ് മലയാളത്തിൽ സംസാരിക്കണമെന്ന് തന്റെ ആഗ്രഹവും സദസ്സുമായി പങ്കുവെച്ചു.

” എവിടെ പോയാലും അവിടുത്തെ ഭാഷയേയും സംസ്കാരത്തെയും ബഹുമാനിക്കണം എന്നാഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. മലയാളത്തിൽ സംസാരിക്കണം​ എന്നുണ്ട്. ഞാനതിന് വേണ്ടി ട്രെെ ചെയ്യുകയും ചെയ്തു, പക്ഷേ മലയാളം പഠിക്കൽ എനിക്ക് വളരെ കഠിനമായ ഒന്നാണ്.  പതിയെ ഞാൻ പിക്ക് ചെയ്യും.  തൽക്കാലം ഞാൻ ഇംഗ്ലീഷിൽ സംസാരിക്കുന്നു. എന്നോട് ക്ഷമിക്കൂ,” യഷ് പറയുന്നു.  മമ്മൂട്ടിയുടെ ‘കിംഗി’ലെ എക്കാലത്തെയും ഹിറ്റ് ഡയലോഗ് പറഞ്ഞ് സദസ്സിനെ കയ്യിലെടുക്കാനും യഷ് മറന്നില്ല.  ” മലയാളഭാഷ മനസ്സിലാക്കാനും പഠിക്കാനും  സെൻസ് വേണം, സെൻസിബിലിറ്റി വേണം, സെൻസിറ്റിവിറ്റി വേണം. അതു എനിക്ക് പതിയെ കിട്ടുമായിരിക്കും,” യഷിന്റെ വാക്കുകളെ കയ്യടികളോടെയാണ് സദസ്സ് വരവേറ്റത്.  വേദിയിൽ മമ്മൂട്ടി, ജഗപതി ബാബു, ‘യാത്ര’യുടെ അണിയറപ്രവർത്തകർ എന്നിവരും സന്നിദ്ധരായിരുന്നു.

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന ‘യാത്ര’ സംവിധാനം ചെയ്തിരിക്കുന്നത് മഹി വി രാഘവനാണ്.  ഫെബ്രുവരി എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി റിലീസിനെത്തുന്ന ചിത്രത്തിന്റെ എല്ലാ പതിപ്പുകളിലും തന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരിക്കുന്നത് മമ്മൂട്ടി തന്നെയാണ്.

വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയുമാണ് സിനിമയുടെ നിര്‍മാണം. ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്‌നം എന്നിവരും ‘യാത്ര’യില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. 26 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും ‘യാത്ര’യ്ക്കുണ്ട്. 1992ല്‍ കെ.വിശ്വനാഥ് സംവിധാനം ചെയ്ത ‘സ്വാതി കിരണ’മായിരുന്നു മമ്മൂട്ടി അവസാനം ചെയ്ത തെലുങ്ക് ചിത്രം.

Read more: ഹൃദയത്തില്‍ തൊട്ട് ഞാന്‍ പറയുന്നു, ഇത് മമ്മൂട്ടിക്ക് മാത്രമേ കഴിയൂ; ‘യാത്ര’യുടെ സംവിധായകന്‍

ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈഎസ്ആര്‍ നടത്തിയ പദയാത്രയെ കുറിച്ചാണ് ‘യാത്ര’ കൂടുതലും സംസാരിക്കുന്നത്. ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ‘യാത്ര’ രാഷ്ട്രീയത്തിലും ചലനങ്ങള്‍ സൃഷ്ടിക്കാനുളള സാധ്യതകൾ ഏറെയാണ്.

മമ്മൂട്ടിയുടെ മറ്റൊരു തെന്നിന്ത്യന്‍ ചിത്രമായ ‘പേരന്‍പും’ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ചിത്രം മികച്ച പ്രതികരണം തേടി മുന്നേറുകയാണ്.  മമ്മൂട്ടിയുടേയും സാധനയുടേയും അഭിനയ മികവിനെ പ്രശംസിക്കുകയാണ് സിനിമാ ലോകം. ‘പേരന്‍പി’ന്റെ വിജയം ‘യാത്ര’യിലും ആവര്‍ത്തിക്കാം എന്ന വിശ്വാസത്തിലാണ് മമ്മൂട്ടി.

Read more: Peranbu Movie Review: സ്നേഹമാണഖിലസാരമൂഴിയില്‍: ‘പേരന്‍പ്’ റിവ്യൂ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook