ഏറെ നാളായി മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്നുചിത്രങ്ങളാണ് ഈ ആഴ്ച റിലീസിനെത്തുന്നത്. പൃഥിരാജ് ചിത്രം ‘9’, ഫഹദ് ഫാസിലും ഷെയ്ൻ നിഗമും പ്രധാന വേഷത്തിലെത്തുന്ന ‘കുമ്പളങ്ങി നെറ്റ്സ്’, മമ്മൂട്ടി നായകനാവുന്ന തെലുങ്കുചിത്രം ‘യാത്ര’ എന്നിവയാണ് ഫെബ്രുവരി ഏഴ്, എട്ട് തിയ്യതികളിലായി റിലീസിനെത്തുന്നത്. ‘9’, ‘കുമ്പളങ്ങി നെറ്റ്സ്’ എന്നിവ ഫെബ്രുവരി ഏഴ് വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. എട്ടിന് വേൾഡ് വൈഡ് റിലീസിനെത്തുന്ന ‘യാത്ര’യ്ക്ക് മലയാളം റിലീസുമുണ്ട്.

വൈ എസ് ആറിന്റെ രാഷ്ട്രീയജീവിതം പറയുന്ന ‘യാത്ര’

വൈ എസ് ആറിന്റെ രാഷ്ട്രീയജീവിതത്തിലെ ഒരേട് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ‘യാത്ര’. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിതമാണ് ചിത്രം പ്രതിപാദിക്കുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രി പദവിയില്‍ രണ്ടാം തവണയും ഇരിക്കുമ്പോള്‍, 2009 സെപ്റ്റംബര്‍ 2 ന് ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈഎസ്ആര്‍ മരിച്ചത്. ആന്ധ്രപ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ആധിപത്യം ഉറപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് വൈഎസ്ആര്‍ ആണ്. മമ്മൂട്ടി വൈ എസ് ആർ ആയെത്തുന്ന ചിത്രത്തിൽ സുഹാസിനിയും ഒരു പ്രധാന റോളിലുണ്ട്. മഹി വി രാഘവ് ആണ് ചിത്രത്തിന്റെ സംവിധായകൻ. തെലുങ്ക്, മലയാളം, തമിഴ് എന്നിങ്ങനെ മൂന്നുഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയേയും സുഹാസിനിയേയും കൂടാതെ ജഗപതി ബാബു, റാവി രമേഷ്, അനസൂയ ഭരദ്വാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

അറിയപ്പെടാത്ത ലോകങ്ങളിലേക്കുള്ള ജാലകങ്ങൾ തുറന്ന് ‘9’

സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമ ഴോണറിൽ വരുന്ന ചിത്രമാണ് ‘9’. ജെനൂസ് മൊഹമ്മദ് ആണ് സംവിധായകൻ. പൃഥ്വിരാജിന്റെ നിർമ്മാണകമ്പനിയായ പൃഥിരാജ് പ്രൊഡക്ഷൻസ് സോണി പിക്ച്ചര്‍ റിലീസിങ് ഇന്‍റര്‍നാഷണലുമായി കൈകോര്‍ത്താണ് ‘9’ നിർമ്മിക്കുന്നത്. ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞനായാണ് പൃഥി ‘9’ൽ അഭിനയിക്കുന്നത്. ഒരു അച്ഛന്റെയും മകന്റെയും വൈകാരികമായ കഥയാണ് ചിത്രം പറയുന്നത്. ആൽബർട്ട് എന്നാണ് പൃഥിയുടെ കഥാപാത്രത്തിന്റെ പേര്. കാവൽ മാലാഖയും സംരക്ഷകനും അച്ഛനുമാകുന്ന ആൽബർട്ട് എന്നാണ് പൃഥിരാജ് തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദും സംഗീതം ഷാൻ റഹ്മാനും നിർവ്വഹിക്കും. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശേഖർ മേനോനാണ്.

‘ഗോദ’യിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. മംമ്ത മോഹൻദാസും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഡോ. ഇനയത്ത് ഖാൻ എന്ന ശ്രദ്ധേയ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലുണ്ട്. ടോണി ലൂക്ക്, ശേഖർ മേനോൻ, വിശാൽ കൃഷ്ണ, ആദിൽ ഇബ്രാഹിം എന്നിവരാണ് മറ്റു താരങ്ങൾ. തിരുവനന്തപുരം, കുട്ടിക്കാനം, കൊച്ചി, മനാലി, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. 48 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

വർക്കിങ്ങ് ക്ലാസ് ഹീറോയുടെ ‘കുമ്പളങ്ങി നൈറ്റ്സ്’

നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്സ്’. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ചിത്രം തിയേറ്ററിലെത്തുക. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കറിന്റെയും സിനിമാ നിർമ്മാണകമ്പനിയാണ് ‘വർക്കിങ്ങ് ക്ലാസ് ഹീറോ’. ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ച മധു.സി നാരായണനാണ് ‘കുമ്പളങ്ങി നൈറ്റ്സി’ന്റെ സംവിധായകൻ. ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഷെയ്ൻ നിഗം നായകനാകുന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് ഫഹദ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. മാത്യു തോമസ് എന്ന പുതുമുഖവും ഈ ചിത്രത്തിൽ നിർണ്ണായക വേഷത്തിലെത്തുന്നുണ്ട്.

ശ്യാം പുഷ്ക്കരന്റേതാണ് തിരക്കഥ. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. സൈജു ശ്രീധരൻ ആണ് ചിത്രത്തിന്റെ എഡിറ്റർ. ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കുമ്പളങ്ങി നൈറ്റ്‌സി’നുണ്ട്

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ