ലോക്ക്ഡൗൺകാലത്ത് ഏറ്റവുമധികം സമൂഹമാധ്യമങ്ങളിൽ വൈറലായ ചിത്രങ്ങൾ മെഗാസ്റ്റാർ മമ്മൂട്ടിയുടേതാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാസങ്ങളോളം മമ്മൂട്ടി വീടിനകത്ത് തന്നെ ചെലവഴിച്ചപ്പോൾ തങ്ങളുടെ സൂപ്പർതാരത്തെ കാണാനും വിശേഷങ്ങളും അറിയാനുള്ള ആരാധകരുടെ കാത്തിരിപ്പും വർധിക്കുകയായിരുന്നു. താരത്തിന്റെ ഓരോ സോഷ്യൽ മീഡിയ പോസ്റ്റും പുറത്തുവന്ന ചിത്രങ്ങളും ആരാധകർ ആഘോഷമാക്കി.
ഇന്നലെ വൈകുന്നേരം മുതൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ കവരുന്നത് കൊച്ചിയുടെ നിയുക്ത മേയർ അനിൽ കുമാർ പങ്കുവച്ച ചിത്രമാണ്. അനിൽ കുമാറും കൗൺസിലർ സി ഡി ബിന്ദുവും മമ്മൂട്ടിയെ വീട്ടിലെത്തി സന്ദർശിച്ച വേളയിൽ പകർത്തിയ ചിത്രമാണ് ഇത്. ചിത്രം പുറത്തുവന്നത് മുതൽ ചർച്ച ചെയ്യപ്പെടുന്നത് മമ്മൂട്ടിയുടെ ലുക്കിനെ കുറിച്ചാണ്. വെള്ള മുണ്ടും കുർത്തയും ധരിച്ച് നിൽക്കുന്ന മമ്മൂട്ടിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. യേശുദാസുമായുള്ള രൂപസാദൃശ്യമാണ് ആരാധകർ എടുത്തുപറയുന്നത്. ദാസേട്ടന്റെ ബയോപിക്കാണോ ഇക്ക അടുത്തതായി ചെയ്യുന്നതാണ് എന്നാണ് ആരാധകരുടെ ചോദ്യം.
രമേഷ് പിഷാരടി സംവിധാനം ചെയ്ത ‘ഗാനഗന്ധർവ്വൻ’ എന്ന ചിത്രത്തിൽ മുൻപ് മമ്മൂട്ടി അഭിനയിച്ചിരുന്നതുമായി ബന്ധപ്പെടുത്തിയും കമന്റുകൾ വരുന്നുണ്ട്. “പൊന്നു പിഷാരടി, ഈ ലുക്ക് വേണ്ടേ ആ ചിത്രത്തിൽ കൊടുക്കാൻ?,” എന്നൊക്കെയാണ് മറ്റൊരു ആരാധകൻ ചോദിക്കുന്നത്.
മലയാളിയുടെ സ്വകാര്യ അഹങ്കാരമായ പദ്മശ്രീ ഭരത് മമ്മൂട്ടിയുമായി, ഇന്ന് ഒരു കൂടിക്കാഴ്ചക്ക് ഞങ്ങൾക്ക് അവസരമൊരുങ്ങിയത് …
Posted by Adv. M Anil Kumar on Sunday, December 27, 2020
“മലയാളിയുടെ സ്വകാര്യ അഹങ്കാരമായ പദ്മശ്രീ ഭരത് മമ്മൂട്ടിയുമായി, ഇന്ന് ഒരു കൂടിക്കാഴ്ചക്ക് ഞങ്ങൾക്ക് അവസരമൊരുങ്ങിയത് ഏറെ ആവേശകരമായിരുന്നു. കല, രാഷ്ട്രീയം, സിനിമ, നഗരവികസനം, ചരിത്രം അങ്ങനെ വിവിധ മേഖലകളെക്കുറിച്ച് അദ്ദേഹം വാചാലനായി. മേയർ തിരഞ്ഞെടുപ്പിന്റെ തലേന്ന് അദ്ദേഹവുമായിട്ടുള്ള ഈ കൂടിക്കാഴ്ച ഞങ്ങൾക്ക് അത്യന്തം ആവേശകരമായ ഒരു അനുഭവം ആണ് സമ്മാനിച്ചത്. അദ്ദേഹം താമസിക്കുന്ന വീട് ഉൾപ്പെടുന്ന ഡിവിഷനിലെ കൗൺസിലർ സഖാവ് CD ബിന്ദുവിനും, ഒപ്പം ഞാനെന്നും സ്നേഹിക്കുന്ന എന്റെ പഴയ സഹപ്രവർത്തകനും, സിനിമ സംവിധായകനും നടനുമായ ശ്രീ സോഹൻ സിനുലാലും ഈ വേളയിൽ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. മഹാനടന് ഹൃദയപൂർവമായ നന്ദി,” ചിത്രം പങ്കുവച്ച് നിയുക്ത മേയർ കുറിച്ചതിങ്ങനെ.