ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ദൃശ്യങ്ങളാണ് ആരാധകരിപ്പോള്‍ ആഘോഷിക്കുന്നത്. ധാരാളം കുട്ടികള്‍ക്കു നടുവില്‍ നില്‍ക്കുന്ന മെഗാസ്റ്റാര്‍ ഓരോ കുട്ടിയേയും കണ്ട് അവരുടെയെല്ലാം കൈ പിടിക്കുന്നുണ്ട്. പിന്നീട് അധ്യാപകരെ കണ്ട് സംസാരിക്കുന്നു.

സ്ട്രീറ്റ് ലൈറ്റ്സിനു ശേഷം മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തില്‍ ഡെറിക് എബ്രഹാമെന്ന പൊലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. ആന്‍സണ്‍ പോള്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. കനിഹ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, യോഗ് ജപ്പി എന്നിവരും ചിത്രത്തിലുണ്ട്.

രണ്ടു പതിറ്റാണ്ടിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികള്‍’

മമ്മൂട്ടി നായകനായ തന്നെ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്ന ഹനീഫ് അദേനിയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആല്‍ബി ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. സന്തോഷ് രാമന്‍ കലാ സംവിധാനവും വീണ സ്യമന്തക് വസ്ത്രാലങ്കാരവും റോണക്സ് സേവിയര്‍ ചമയവും നിര്‍വ്വഹിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ