അഭിനയ ലോകത്തെത്താന്‍ എപ്പോഴും പരിശ്രമിച്ചുകൊണ്ടിരുന്ന മഹാരാജാസ് കോളേജിലെ ആ പൂര്‍വ വിദ്യാര്‍ഥി ഇന്ന് മലയാളക്കരയുടെ അഭിമാനതാരമാണ്. മൂന്നു ദേശീയ അവാര്‍ഡുകളും പത്മശ്രീയും മഹാനടന് എന്ന ഖ്യാതിയും നേടിയെടുത്ത മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ.
മഹാരാജാസ് കോളേജിലെ പഴയ ഊർജ്ജസ്വലനായ വിദ്യാർത്ഥി മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടിയുടെ 71-ാം ജന്മദിനമാണ് ഇന്ന്. മമ്മൂട്ടിയുടെ ജന്മദിനത്തിൽ അപൂർവ്വമായ ചില ഓർമചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. എറണാകുളം മഹാരാജാസ് കോളേജില്‍ പഠിക്കുന്ന സമയത്തുള്ള മമ്മൂട്ടിയുടെ ഫോട്ടോകളാണിത്.

ഫോട്ടോയില്‍ മമ്മൂട്ടിയ്ക്ക് ഒപ്പമുള്ളത് അന്തരിച്ച കെ. ആര്. വിശ്വംഭരനാണ്. മമ്മൂട്ടിയുടെ സഹപാഠിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും കാർഷിക യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുമായിരുന്നു വിശ്വംഭരൻ.

1976ലെ മഹാരാജാസ് കോളേജ് സെന്റീനറിക്കു പൂർവ്വ വിദ്യാർഥികൾ അവതരിപ്പിച്ച ‘ആന്ദോളനം’ നാടകത്തിനുശേഷം എടുത്ത ചിത്രമാണ് രണ്ടാമത്തേത്. അബ്ദുൽ റസാഖ്, കെ ആർ വിശ്വംഭരൻ, സണ്ണി മാത്യു, ചെറിയാൻ തോമസ്, എം എ ബാലചന്ദ്രൻ, മുരളി, പാലക്കൻ, ജോസഫ് എം പുതുശ്ശേരി, മമ്മൂട്ടി എന്നിവരെ കൂടാതെ അണിയറയിൽ പ്രവർത്തിച്ചത് ഓച്ചന്തുരുത്തു വൈ എഫ് എ ഭാരവാഹികളും.
“മലയാളത്തിന്റെ മമ്മൂക്കയ്ക്ക്, മഹാരാജാസിന്റെ മുഹമ്മദ് കുട്ടിയ്ക്ക്, മഹാരാജകീയ പിറന്നാൾ ആശംസകൾ,” എന്ന ക്യാപ്ഷനോടെ മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ പ്രസിഡന്റായ സിഐസിസി ജയചന്ദ്രൻ ആണ് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.
തന്റെ കോളേജ് കാലഘട്ടത്തെ വളരെ അഭിമാനത്തോടെ ഓർക്കാറുള്ള താരമാണ് മമ്മൂട്ടി. പല പൊതുവേദികളിലും തന്റെ കോളേജ് കാലഘട്ടത്തെ കുറിച്ചുള്ള ഓർമകൾ മമ്മൂട്ടി പങ്കുവയ്ക്കാറുണ്ട്. മഹാരാജാസ് കോളേജിൽ നിന്നു ലഭിച്ച സൗഹൃദങ്ങളെ കുറിച്ചും സിനിമയിലെത്താന്‍ നടത്തിയ പരിശ്രമങ്ങളെ കുറിച്ചുമൊക്കെ വാചാലനാവുന്ന മമ്മൂട്ടിയെ ആണ് അത്തരം വേദികളിൽ കാണാൻ കഴിയുക.