ലൊക്കേഷനിൽ ഇടവേളകളിലും മറ്റും കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുന്ന മമ്മൂട്ടിയുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം പലപ്പോഴും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘കാതൽ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ സംവിധായകൻ ജിയോ ബേബിയുടെ മകൻ മ്യൂസിക്കിനൊപ്പം സമയം ചെലവഴിക്കുകയാണ് മെഗാസ്റ്റാർ.
“ഇത് മ്യൂസിക് ജിയോ(ഡയറക്ടർ ജിയോ ബേബി ചേട്ടന്റെ മകൻ). കാതലിൽ സ്കൂൾ ഒഴിവുള്ളപ്പോൾ സജീവമാകുന്ന അസിസ്റ്റന്റ് ഡയറക്ടർ ആണ്. ജിയോ ചേട്ടന്റെ മൊബൈലിൽ ‘മ്യൂസി’വിഡിയോ എഡിറ്റ് ചെയ്യാറുള്ള പുതിയ എഡിറ്റിംഗ് ആപ്പിന്റെ പഠനക്ലാസ്സ് ആണ്,” എന്ന കാപ്ഷനോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
പ്രേക്ഷർക്ക് പുതിയ സിനിമാനുഭവം തിയേറ്ററിൽ സമ്മാനിച്ച ‘റോഷാക്കിന്’ ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് ‘കാതൽ.’ മമ്മൂട്ടി തന്നെ നായകനായെത്തുന്ന കാതലിൽ തെന്നിന്ത്യൻ താരം ജ്യോതികയാണ് നായിക. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.
ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രം കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്.ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിങ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, ഗാനരചന അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, സ്റ്റിൽസ് ലെബിസൺ ഗോപി എന്നിവരാണ് മറ്റു പ്രവര്‍ത്തകര്‍. ചിത്രം റിലീസിനൊരുങ്ങുകയാണ്.