മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനു പിന്നാലെ മലയാള സിനിമയിലേക്ക് കടക്കുകയാണ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവിന്റെ അരങ്ങേറ്റം. മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന പ്രണവ് മോഹൻലാലിന് ആശംസ നേർന്നിരിക്കുകയാണ് മമ്മൂട്ടി.

സിനിമയുടെ ലോകത്ത് കടക്കുന്ന പ്രിയപ്പെട്ട അപ്പുവിന് (പ്രണവ് മോഹൻലാൽ) എല്ലാവിധ ആശംസകളും നേരുന്നതായി മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. ”എന്റെ മക്കളിൽ ഒരാളെപ്പോലെയാണ് അവനും, ഞങ്ങളുടെ കൺമുന്നിലാണ് അവൻ വളർന്നത്. ഇന്നവൻ നല്ലൊരു ചെറുപ്പക്കാരനായി മാറിയിരിക്കുന്നു. ആദിക്കും അപ്പുവിനും വിജയാശംസകൾ. ഒപ്പം അവന്റെ മാതാപിതാക്കളായ ലാലിനും സുചിക്കും അഭിനന്ദനങ്ങൾ”.

ഇന്നലെ മോഹൻലാൽ കുടുംബസമേതം മമ്മൂട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആദിയുടെ പ്രിവ്യൂ ഷോ ഒരുമിച്ച് കാണാനാണ് താരകുടുംബങ്ങള്‍ ഒത്തുകൂടിയത് എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്.

ജനുവരി 26 നാണ് ആദി തിയേറ്റുകളിൽ എത്തുന്നത്. ചിത്രത്തിന്‍റെ നിര്‍മ്മാണവും വിതരണവും ആന്റണി പെരുമ്പാവൂരിന്‍റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസ്, മാക്സ് ലാബ് എന്നിവയ്ക്കാണ്. ഇരുനൂറില്‍ പരം സ്ക്രീനുകളിലായി ‘ആദി’ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് വിവരം. ഒരു തുടക്കക്കാരന് കിട്ടുന്നതില്‍ വച്ച് ഏറ്റവും വലിയ ‘ഓപ്പണിങ്’ ആണ് പ്രണവിനായി ഒരുങ്ങുന്നത്.

അനുശ്രീ, ഷറഫുദ്ദീൻ, സിജു വിൽസൺ എന്നിവരാണ് ആദിയിലെ മറ്റ് താരങ്ങൾ. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിക്ക് പുറമേ, എറണാകുളം പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ മനോഹരമാക്കാൻ പ്രണവ് നേരത്തേ പാർക്കൗർ പരിശീലനം നടത്തിയിരുന്നു. അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസമാണ് പാർക്കൗർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ