/indian-express-malayalam/media/media_files/uploads/2023/07/mammootty-.jpg)
വീണ്ടും മമ്മൂട്ടിയെ തേടി സംസ്ഥാനപുരസ്കാരമെത്തുമ്പോൾ
14 വർഷത്തിനു ശേഷം സംസ്ഥാന ചലച്ചിത്ര പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തിയിരിക്കുകയാണ്. നാലു പതിറ്റാണ്ടു പിന്നിടുന്ന കരിയറിനിടെ മമ്മൂട്ടിയെ തേടിയെത്തുന്ന എട്ടാമത്തെ സ്റ്റേറ്റ് അവാർഡ് ആണിത്. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയമാണ് മമ്മൂട്ടിയെ പുരസ്കാരത്തിന് അർഹനാക്കിയത്.
"മലയാള ചലച്ചിത്രാഭിനയ ചരിത്രത്തിലെ അത്യപൂർവ്വവും വിസ്മയകരവുമായ ഭാവാവിഷ്കാരമികവ്. തികച്ചും വിഭിന്നമായ സ്വഭാവസവിശേഷതകളുള്ള രണ്ടു മനുഷ്യരുടെ ദ്വന്ദ്വഭാവങ്ങളെ അതിസൂക്ഷ്മവും നിയന്ത്രിതവുമായ ശരീരഭാഷയിൽ പകർന്നാടിയ അഭിനയത്തികവ്. ജയിംസ് എന്ന മലയാളിയിൽ നിന്ന് സുന്ദരം എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശത്തിലൂടെ രണ്ടു ദേശങ്ങൾ, രണ്ടു ഭാഷകൾ, രണ്ടു സംസ്കാരങ്ങൾ എന്നിവ ഒരേ ശരീരത്തിലേക്ക് ആവാഹിച്ച മഹാപ്രതിഭ," മമ്മൂട്ടിയുടെ അഭിനയത്തെ ജൂറി വിലയിരുത്തുന്നതിങ്ങനെ.
അഹിംസ (1981), അടിയൊഴുക്കുകൾ (1984), യാത്ര, നിറക്കൂട്ട് (1985), ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം (1989), വിധേയൻ, പൊന്തൻമാട, വാത്സല്യം (1993), കാഴ്ച (2004), പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ (2009) എന്നിവയാണ് ഇതിനു മുൻപു മമ്മൂട്ടിയെ സംസ്ഥാന പുരസ്കാരത്തിന് അർഹനാക്കിയ ചിത്രങ്ങൾ.
അഹിംസ (1981)
ഐവി ശശി സംവിധാനം ചെയ്ത അഹിംസ എന്ന ചിത്രമാണ് മമ്മൂട്ടിയെ ആദ്യമായി സംസ്ഥാന പുരസ്കാരത്തിന് അർഹനാക്കിയത്. മികച്ച സഹനടനുള്ള പുരസ്കാരമാണ് ആ വർഷം മമ്മൂട്ടിയെ തേടിയെത്തിയത്. ചിത്രത്തിൽ വാസു എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
അടിയൊഴുക്കുകൾ (1984)
ഐ.വി. ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടി, മോഹൻലാൽ, റഹ്‌മാൻ, സീമ, മേനക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രമായിരുന്നു അടിയൊഴുക്കുകൾ. എം.ടി. വാസുദേവൻ നായർ രചന നിർവ്വഹിച്ച ഈ ചിത്രവും മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടികൊടുത്തു. കരുണൻ എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്.
യാത്ര, നിറക്കൂട്ട് (1985)
1985ൽ ബാലു മഹേന്ദ്ര സംവിധാനം ചെയ്ത യാത്ര, ജോഷി സംവിധാനം ചെയ്ത നിറക്കൂട്ട് എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾ മമ്മൂട്ടിയെ പ്രത്യേക ജൂറി പരാമർശനത്തിന് അർഹനാക്കി. ദ യെല്ലോ ഹാൻഡ്കെർചീഫ് എന്ന ജാപ്പാനീസ് സിനിമയെ അവലംബിച്ച് ഒരുക്കിയ ചിത്രത്തിൽ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ജോഷിയുടെ നിറക്കൂട്ടിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട മില്യണറായ രവിവർമ്മ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം (1989)
വടക്കൻ പാട്ടുകളെ ആസ്പദമാക്കി എം.ടി.യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത് മമ്മൂട്ടി, ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രമായിരുന്നു ഒരു വടക്കൻ വീരഗാഥ. സംസ്ഥാന പുരസ്കാരത്തിനു മാത്രമല്ല ദേശീയ പുരസ്കാരത്തിനും മമ്മൂട്ടിയെ അർഹനാക്കിയ ചിത്രമായിരുന്നു ഇത്. ചന്തു ചേകവർ എന്ന കഥാപാത്രം മമ്മൂട്ടിയുടെ കരിയറിലെ എക്കാലവും ഓർക്കപ്പെടുന്ന വേഷങ്ങളിലൊന്നാണ്. അതേവർഷം തന്നെ തിയേറ്ററുകളിലെത്തിയ മൃഗയയിൽ പക്ഷേ പ്രേക്ഷകർ കണ്ടത് മറ്റൊരു മമ്മൂട്ടിയെ ആണ്. വടക്കൻ പാട്ടുകളിൽ നിന്നും നേരിട്ടിറങ്ങിവന്ന ധീരനായ ചന്തു ചേകവരും മൃഗയിലെ വാറുണ്ണിയും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ടായിരുന്നു. ജോഷി സംവിധാനം ചെയ്ത മഹായാനത്തിൽ ട്രക്ക് ഡൈവറായ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
വിധേയൻ, പൊന്തൻമാട, വാത്സല്യം (1993)
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത വിധേയനിൽ ഭാസ്കര പട്ടേലർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഈ ചിത്രം മമ്മൂട്ടിയെ ദേശീയ പുരസ്കാരത്തിനും അർഹനാക്കി. ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത പൊന്തൻമാടയും ആഗോളതലത്തിൽ ശ്രദ്ധ നേടിയ ചിത്രമാണ്. ചെറുകഥാകൃത്തായ സി.വി. ശ്രീരാമന്റെ പൊന്തൻമാട, ശീമത്തമ്പുരാൻ എന്നീ ചെറുകഥകളെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചത്. ലോഹിതദാസിന്റെ രചനയിൽ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമായിരുന്നു വാത്സല്യം. കുടുംബത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മേലേടത്ത് രാഘവൻനായർ ഇന്നും മലയാളികൾ നെഞ്ചോടു ചേർക്കുന്ന ഒരു കഥാപാത്രമാണ്.
കാഴ്ച (2004)
ബ്ലെസി എന്ന സംവിധായകന്റെ ആദ്യ ചിത്രമായ കാഴ്ചയാണ് 2004ൽ മമ്മൂട്ടിയെ സംസ്ഥാന പുരസ്കാരത്തിന് അർഹനാക്കിയത്. ഗുജറാത്ത് ഭൂകമ്പത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ഒരു അനാഥ ബാലന്റെയും അവന്റെ സംരക്ഷനായി മാറിയ ഫിലിം ഓപ്പറേറ്റർ മാധവന്റെയും കഥയാണ് ചിത്രം പറഞ്ഞത്.
പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ (2009)
രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ മമ്മൂട്ടിയ്ക്ക് സംസ്ഥാന പുരസ്കാരം നേടി കൊടുത്തത്. ടി.പി. രാജീവൻ ഇതേ പേരിൽ എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ചിത്രം.
മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി, ഖാലിദ് അഹമ്മദ്, ഹരിദാസ് എന്നിങ്ങനെ മൂന്നു കഥാപാത്രങ്ങളെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.