ലോകമെമ്പാടമുള്ള ഫുട്ബോൾ പ്രേമികൾക്ക് സമ്മർദ്ദവും ആവേശവും ഒരുപോലെ സമ്മാനിച്ചൊരു രാത്രിയാണ് ഇന്നലെ കടന്നുപോയത്. വീറോടെയും വാശിയോടെയും അർജന്റീനയും ഫ്രാൻസും മത്സരിച്ച് പൊരുതിയ ആ മൂന്നു മണിക്കൂർ ലോകകപ്പ് ആവേശത്തെ പരകോടിയിലെത്തിച്ചു. ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന കപ്പുയർത്തിയപ്പോൾ അതിനു സാക്ഷ്യം വഹിക്കാൻ ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സിനിമയിൽ നിന്നുള്ള നിരവധി താരങ്ങളും എത്തിച്ചേർന്നിരുന്നു. ബോളിവുഡിന്റെ സ്വന്തം ദീപിക പദുകോണും രൺവീർ സിംഗും മുതൽ മലയാളത്തിന്റെ അഭിമാനതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വരെ ലുസെയ്ൽ സ്റ്റേഡിയത്തിൽ ഫൈനൽ കാണാനായി എത്തിയിരുന്നു. കലാശപ്പോരാട്ടത്തിൽ പെനൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ വീഴ്ത്തിയാണ് അർജന്റീന വിജയകിരീടം ചൂടിയത്.
ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി മൈതാനത്ത് ഇരു ടീമുകളും പൊരുതുമ്പോൾ ഏതൊരു ഫുട്ബോൾ പ്രേമിയേയും പോലെ നെഞ്ചിടിപ്പോടെയും ടെൻഷനോടെയുമാണ് മമ്മൂട്ടിയും കളി കണ്ടിരുന്നത്. ഷൂട്ടൗട്ടിനിടെയുള്ള മമ്മൂട്ടിയുടെ ഭാവങ്ങൾ ഒപ്പിയെടുത്ത ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
നിർമാതാവ് ആന്റോ ജോസഫും മമ്മൂട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്നു. ലുസെയ്ൽ സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങൾ മമ്മൂട്ടിയും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു.