scorecardresearch

പോക്കറ്റിൽ നൂറിന്റെ നോട്ടുമായി വരുന്ന ആരും അന്ന് മഹാരാജാസിൽ ഉണ്ടായിരുന്നില്ല: പ്രിയ കലാലയത്തെ കുറിച്ച് മമ്മൂട്ടി

‘പോക്കറ്റിൽ നൂറിന്‍റെ നോട്ടുമായി വരുന്ന ആരും അന്ന് മഹാരാജാസിൽ ഉണ്ടായിരുന്നില്ല,’ സന്തോഷത്തിന്റെ പഴയകാലങ്ങൾ ഓർത്തെടുത്ത് മമ്മൂട്ടി

Mammootty, Mammootty latest,Mammootty recent

അൻപത് വർഷം മുൻപത്തെ സഹപാഠി കെ. പി. തോമസിന്‍റെ ചിത്ര പ്രദർശനത്തിനെത്തി നടൻ മമ്മൂട്ടി. മട്ടാഞ്ചേരിയിൽ നിർവാണ ആർട്സ് കളക്റ്റീവിൽ വച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. പ്രൊഫ. എം കെ സാനുവും മുൻ മന്ത്രി തോമസ് ഐസക്കും വേദിയിലെത്തിയിരുന്നു.

മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിലാണ് തോമസിന്‍റെ ചിത്ര പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്. മാർച്ച്‌ 6 മുതൽ 12 വരെയാണ് ചിത്ര പ്രദർശനം. കേരള ലളിതകല അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള കലാകാരൻ ആണ് തോമസ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പ്രദർശനം നടത്തിയിട്ടുള്ള തോമസിന്റെ ചിത്രങ്ങൾ ഇന്ത്യയിലും വിദേശത്തുമായി വിവിധ ഗാലറികളുടെയും വ്യക്‌തികളുടെയും ശേഖരത്തിൽ ഉണ്ട്. തോമസിന്‍റെ ഒരു ചിത്രവും മമ്മൂട്ടി വാങ്ങിച്ചു.

മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥികളാണ് ചടങ്ങിൽ പങ്കെടുത്തവരിൽ അധികവും. തന്‍റെ യൗവ്വന കാലഘട്ടം ചെലവഴിച്ച മഹാരാജാസിനെ കുറിച്ചുള്ള ഓർമകളും വേദിയിൽ മമ്മൂട്ടി പങ്കുവയ്ക്കുകയുണ്ടായി.

“ഞാൻ ഒരു സാധാരണ സ്കൂളിൽ പഠിച്ച ഒരു പ്രത്യേക സ്വഭാവമുള്ള വിദ്യാർഥിയായിരുന്നു. ഞാൻ ഇന്ന് ആരായിട്ടുണ്ടോ അതാകാൻ കാരണം മഹാരാജാസിൽ ചേർന്നത് കൊണ്ടാണ്. പോക്കറ്റിൽ നൂറിന്‍റെ നോട്ടുമായി വരുന്ന ആരും അന്ന് മഹാരാജാസിൽ ഉണ്ടായിരുന്നില്ല. വലിയവനോ ചെറിയവനോ എന്ന വ്യത്യാസം ഇല്ലായിരുന്നു. ഞാൻ എല്ലാ സംഘങ്ങൾക്കും ഒപ്പം ചേരുമായിരുന്നു. ഇന്ന് നമ്മൾ ക്യാമ്പസിൽ ഉള്ള കുട്ടികളെ പഴിക്കുമ്പോൾ നമ്മൾ കലാലയത്തിൽ എങ്ങനെ ആയിരുന്നു എന്ന് ഓർമ്മിച്ചാൽ അവരെ കുറ്റപ്പെടുത്താൻ ആകില്ല.

അന്നു ഒരാൾ ഒരു സിഗരറ്റ് വാങ്ങിയാൽ പത്തു പേരു വരെ വലിക്കുമായിരുന്നു. ഏറ്റവും ചുരുങ്ങിയത് അഞ്ചു പേർ. ഒരു ചോറ് പാത്രത്തിൽ നിന്ന് മൂന്ന് പേരെങ്കിലും കഴിക്കുമായിരുന്നു. ജാതി മത വർഗ്ഗ വ്യത്യാസമില്ലാത്ത ഒരു വലിയ സ്‌നേഹ കൂട്ടായ്‌മ. ആ സ്‌നേഹമാണ് എത്രയോ വർഷങ്ങൾക്ക് ശേഷവും നമ്മളെ ചേർത്തു നിർത്തുന്നത്,” മമ്മൂട്ടി പറഞ്ഞു.

തന്‍റെ ഉയർച്ചയിൽ സഹായിച്ച സഹപാഠികളുടെ പേരെടുത്ത് പറയാനും താരം മറന്നില്ല. സന്തോഷത്തിന്‍റെ പഴയകാലങ്ങൾ ഓർത്തെടുക്കുകയായിരുന്നു ആ പഴയ മഹാരാജാസുകാരൻ.

‘കണ്ണൂർ സ്ക്വാട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് മമ്മൂട്ടി മഹാരാജാസ് കോളേജിലെത്തിയിരുന്നു. തന്റെ കലാലായത്തിലെത്തിയ വീഡിയോ സോഷ്യൽ മീഡിയയിലൂടെയാണ് താരം പങ്കുവച്ചത്. കോളേജ് മാഗസീനിലെ തന്റെ പഴയകാല ചിത്രവും മമ്മൂട്ടി വീഡിയോയിൽ കാണിക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty visited old friend painting exibhition