കോട്ടയം: കൊട്ടാരക്കല താലൂക്ക് ആശുപത്രിയില്‍ വച്ച് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റ കുടുംബത്തെ സന്ദര്‍ശിച്ച് നടന്‍ മമ്മൂട്ടി. രാത്രി എട്ടേകാലോടെ വന്ദനയുടെ കോട്ടയത്തെ വീട്ടിലെത്തിയ മമ്മൂട്ടി പിതാവ് കെ ജി മോഹൻദാസിനെ ആശ്വസിപ്പിച്ചു.
പത്ത് മിനുറ്റോളം മമ്മൂട്ടി മോഹന്‍ദാസിനൊപ്പം ചിലവഴിച്ചു. മമ്മൂട്ടിക്കൊപ്പം സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമും നടനും സംവിധായകനുമായ രമേഷ് പിഷാരടിയുമുണ്ടായിരുന്നു.
താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച അക്രമിയുടെ കുത്തേറ്റു മരിച്ച വന്ദനയുടെ മൃതദേഹം ഇന്ന് വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് വന്ദനയുടെ മൃതദേഹം മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലെത്തിച്ചത്. വന്ദനയെ അവസാനമായി ഒരു നോക്കുകാണാന്‍ ആയിരങ്ങളാണ് മുട്ടുചിറയിലെ വീട്ടിലെത്തിയത്.
ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നിരവധി പ്രമുഖർ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു. നന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലും പൊതുദര്‍ശനമുണ്ടായിരുന്നു.
കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ (കാളിപറമ്പ്) കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായ വന്ദനയാണ് ഇന്നലെ അതിദാരുണമായി കൊല്ലപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച അധ്യാപകൻ എസ്.സന്ദീപാണ് കത്രിക ഉപയോഗിച്ച് വന്ദനയെ കുത്തി കൊലപ്പെടുത്തിയത്.
കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനു ശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സമരം ഇന്നും തുടരുകയാണ്. കാഷ്വൽറ്റി, ഐസിയു, ലേബർ റൂം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.