ചൈനയില്‍ ആദ്യമായി റിലീസ് ചെയ്യുന്ന തമിഴ് ചിത്രം ഏതായിരിക്കും? മമ്മൂട്ടിയുടെ ‘പേരന്‍പോ’ വിജയ്യുടെ ‘മെര്‍സലോ’? ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആ റെക്കോര്‍ഡ് വിജയ് ചിത്രം സ്വന്തമാക്കും എന്നാണ് അറിയുന്നത്.
ചൈനീസ് വിതരണ കമ്പനിയായ എച്ച്ജിസി എന്റര്ടെയ്ന്മെന്റാണ് ‘മെര്‍സലി’ന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം മൊഴിമാറ്റി ഈ വര്‍ഷം ഒടുവിലോ അടുത്ത വര്‍ഷം ആദ്യമോ പുറത്തിറക്കാനാണ് ആലോചന.
മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത ‘പേരന്പ്’ ചൈനയില്‍ റിലീസ് ചെയ്തേക്കും എന്ന് നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ചിത്രം ഷംഗായ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഇതേ തുടര്‍ന്നായിരുന്നു ചൈനയിലെ മുന്‍നിര വിതരണക്കമ്പനി സിനിമയുടെ അണിയറ പ്രവര്‍ത്തകരെ സമീപിച്ചത്. എന്നാല്‍ ഇതേക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. മൂന്നു തവണയായിരുന്നു ‘പേരന്പ്’ ഷംഗായ് ഇന്റര്‍നാഷല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്.
ഇതുവരെ ഒരു തമിഴ് ചിത്രം ചൈനയില്‍ റിലീസ് ചെയ്തിട്ടില്ല. കഴിഞ്ഞവര്‍ഷം ആമിര്‍ഖാന്റെ ‘ദംഗല്‍’ എന്ന ചിത്രം ചൈനയില്‍ റിലീസ് ചെയ്തിരുന്നു. ചൈനയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം ‘ദംഗലാ’ണ്.
ചൈനയില്‍ റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രം എന്ന റെക്കോര്‍ഡാണ് ‘മെര്‍സല്‍’ സ്വന്തമാക്കാന്‍ പോകുന്നത്. വിജയ് നായകനായ ചിത്രം സംവിധാനം ചെയ്തത് ആറ്റ്ലി ആണ്. 2017ല്‍ പുറത്തിറങ്ങിയ ചിത്രം മികച്ച വിജയമാണ് സ്വന്തമാക്കിയത്.