സിനിമകളിലൂടെ മാത്രമല്ല ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെ പോലും ആരാധകരെ വിസ്മയിപ്പിക്കുന്ന താരമാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. ഇൻസ്റ്റഗ്രാമിൽ അദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ നെഞ്ചേറ്റാറുണ്ട്. ഇത്തവണ അദ്ദേഹം പങ്കുവച്ചിരിക്കുന്നത് തന്റെ തോട്ടത്തിൽ വിളഞ്ഞ സൺഡ്രോപ് പഴങ്ങൾ വിളവെടുക്കുന്നതിന്റെ ചിത്രമാണ്.
Read more: ആദ്യം കേക്കിൽ കണ്ടു, ഇന്നലെ മമ്മൂട്ടിയുടെ വീട്ടുമുറ്റത്തും; സൺഡ്രോപ്പ് പഴങ്ങൾ അത്ര ചില്ലറക്കാരല്ല
അടുത്തിടെയായി ഇൻസ്റ്റഗ്രാമിൽ സജീവമാണ് മെഗാ സ്റ്റാർ. തന്റെ ജന്മദിന ചിത്രങ്ങളും മേക്ക് ഓവർ ചിത്രങ്ങളുമെല്ലാം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
കുടുംബത്തോടൊപ്പമാണ് ഇന്നലെ മമ്മൂട്ടി ജന്മദിനം ആഘോഷിച്ചത്. കോവിഡ് മഹാമാരി കാരണം സിനിമ ഷൂട്ടിങ്ങുകളെല്ലാം മുടങ്ങിയിരിക്കുന്നതിനാൽ ഏറെ നാളായി കൊച്ചിയിലെ വീട്ടിൽ തന്നെയാണ് താരം. അതുകൊണ്ട് തന്നെ ഇത്തവണത്തെ ജന്മദിനാഘോഷം മമ്മൂട്ടിക്കും കുടുംബത്തിനും ഏറെ പ്രത്യേകതകളുള്ളതായിരുന്നു.
മമ്മൂട്ടി ജന്മദിന കേക്ക് മുറിക്കുന്ന ചിത്രം ഇന്നലെ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. മമ്മൂട്ടിയെ പോലെ തന്നെ കേക്കും സുന്ദരൻ! ഈ കേക്ക് മമ്മൂട്ടിക്ക് സമ്മാനിച്ചത് മകൾ സുറുമിയാണ്. വാപ്പിച്ചിക്ക് വേണ്ടി സ്‌പെഷ്യൽ കേക്ക് സമ്മാനിക്കുകയായിരുന്നു സുറുമി.
നീല നിറത്തിലുള്ള മനോഹരമായ കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി ഇന്നലെ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. “ഈ കേക്ക് നിങ്ങളുമായി പങ്കുവയ്‌ക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി പോസ്റ്റ് ചെയ്തത്.
കൊച്ചിയിലെ ‘Indulgence’ എന്ന കേക്ക് ബേക്കേഴ്‌സാണ് സുറുമിയുടെ ആഗ്രഹപ്രകാരം ഈ കേക്ക് നിർമിച്ചത്. മൂന്ന് മണിക്കൂർ കൊണ്ടാണ് ഈ ഫ്രൂട്ട് കേക്ക് തയ്യാറാക്കിയതെന്നും ‘Indulgence’ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. പഴങ്ങളും ചെടികളും കൊണ്ടാണ് കേക്ക് ഡെക്കറേറ്റ് ചെയ്‌തിരിക്കുന്നത്. മരവും സ്ട്രോബറിയുമൊക്കെ കേക്കില്‍ കാണാം. പഴങ്ങൾ കൃഷി ചെയ്യാൻ അതീവ തൽപരനാണ് മമ്മൂട്ടി.