സ്കൂളിൽ പഠിക്കുന്ന സമയത്ത് ക്ലാസ്സ് കട്ട് ചെയ്ത് മമ്മൂട്ടിയെ കാണാൻ പോയതും തിരക്കിനിടയിലൂടെ ഒരു നോക്ക് കണ്ട അനുഭവവുമൊക്കെ പങ്കുവയ്ക്കുകയാണ് പുതുമുഖനടനായ വെങ്കിടേഷ്. ‘സ്റ്റാൻഡ് അപ്’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുന്ന വെങ്കിയുടെ പ്രസംഗവും അതുകേട്ട മമ്മൂട്ടിയുടെ കമന്റുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ‘സ്റ്റാൻഡ് അപ്പി’ന്റെ ട്രെയിലർ ലോഞ്ചിനിടയിലായിരുന്നു വെങ്കിയുടെ വൈകാരികമായ പ്രസംഗം.
സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു ദിവസം ഉച്ചയ്ക്ക് ലീവെടുത്ത് മമ്മൂട്ടിയെ കാണാനായി ആഗസ്ത് 15 ന്റെ ലൊക്കേഷനിൽ ചെന്ന അനുഭവമാണ് വെങ്കി പങ്കുവച്ചത്. “ലൊക്കേഷനിൽ ചെന്നപ്പോള്‍ ഗേറ്റിന് പുറത്ത് സെക്യൂരിറ്റി ചേട്ടന്‍മാര്‍ നില്‍പ്പുണ്ട്. അവര്‍ ആരെയും അകത്തേക്ക് കയറ്റി വിടുന്നില്ല. ഓരോ തവണ ഗേറ്റ് തുറക്കുമ്പോഴും പ്രതീക്ഷയോടെ അകത്തേക്ക് നോക്കും. ഒടുവിൽ മുടിയൊക്കെ പറ്റെ വെട്ടി ഷര്‍ട്ടൊക്കെ ഇന്‍ ചെയ്ത് മാസ് ലുക്കിൽ വരുന്ന മമ്മൂക്കയെ കണ്ടു. അന്നങ്ങനെ കണ്ട മമ്മൂക്കയെ ഇന്നിങ്ങനെ അടുത്ത് കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം, ദൈവത്തിന് നന്ദി,’ വെങ്കിടേഷ് പറഞ്ഞു.
വെങ്കിയുടെ പ്രസംഗം കഴിഞ്ഞ ഉടനെ നിർമ്മാതാവ് ആന്റോ ജോസഫ് സ്റ്റേജിലേക്ക് എത്തി, മമ്മൂട്ടിയുടെ കമന്റ് വെങ്കിയേയും സദസ്സിനെയും അറിയിച്ചു. ‘ഇവനൊരു റൗണ്ട് ഓടും’ എന്ന മമ്മൂട്ടിയുടെ കമന്റിനെ ചിരിയോടെയാണ് വെങ്കിയും സദസ്സും വരവേറ്റത്. അന്ന് ഫോട്ടോ എടുക്കാൻ പറ്റിയില്ല എന്ന വെങ്കിയുടെ വിഷമം മാറ്റാൻ അടുത്തു വിളിച്ചിരുത്തി തോളിൽ കയ്യിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മമ്മൂട്ടി മറന്നില്ല.
“ദൈവത്തിനു നന്ദി. കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന മമ്മൂക്കയെ ഞാൻ കണ്ടു, ഒരുപാട് ഒരുപാട് ഒരുപാട് സന്തോഷം. സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് ദൂരെ നിന്ന് ഒരു വല്യ ഗേറ്റിന്റെ ഇടയിലൂടെ കണ്ട മമ്മൂക്കയെ. ഇന്ന് ഞാൻ അഭിനയിക്കുന്ന സ്റ്റാൻഡ് അപ് എന്ന സിനിമയുടെ ലോഞ്ചിനു കണ്ടു. കെട്ടിപിടിച്ചു, അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങി. ഒക്ടോബർ 12 ഞാനൊരിക്കലും മറക്കില്ല. മമ്മൂക്കയുടെ കൂടെ അന്ന് ഫോട്ടോ എടുക്കാൻ പറ്റിയില്ല എന്ന് പറഞ്ഞപ്പോൾ, അദ്ദേഹം വിളിച്ചു അടുത്തിരുത്തി തോളിൽ കൈവച്ചു ഫോട്ടോ എടുപ്പിച്ചു. വീടെവിടെയാണ് എന്ന് ചോദിച്ചു. വേറെ ഒന്നും എനിക്ക് ഒരു ഓർമയുമില്ല. ഫുൾ കിളിയും പോയ നിമിഷം,” മമ്മൂക്കയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് വെങ്കിടേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ബി ഉണ്ണികൃഷ്ണന്റേയും ആന്റോ ജോസഫ് ഫിലിം കമ്പനിയുടേയും ബാനറിൽ വിധു വിൻസൻറ് ആണ് ‘സ്റ്റാൻഡ് അപ്പ്’ സംവിധാനം ചെയ്യുന്നത്. നിമിഷ സജയനും രജിഷ വിജയനുമാണ് ചിത്രത്തിലെ നായികമാർ. ഒരു സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്റെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ സംവിധായിക പറയുന്നത്. ഉമേഷ് ഓമനക്കുട്ടനാണ് ‘സ്റ്റാന്‍ഡ് അപ്പി’ന്റെ തിരക്കഥ. പുതുമുഖ താരം വെങ്കിടേഷിനെ കൂടാതെ അര്‍ജുന്‍ അശോകന്‍, സീമ, നിസ്താര്‍ സേഠ്, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ജുനൈസ്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Read more: എജ്ജാതി ചിരിയാ മമ്മൂക്കാ… ചിരിച്ചും പൊട്ടിച്ചിരിച്ചും മമ്മൂട്ടി-വീഡിയോ