പ്രായം റിവേഴ്സ് ഗിയറിലോടുന്ന നടൻ എന്നാണ് മലയാളികൾ മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്. കൂടെ പഠിച്ചവരിലും ഒപ്പം സിനിമയിലെത്തിയവരിലുമൊക്കെ പ്രായത്തിന്റെ അടയാളങ്ങൾ തെളിഞ്ഞുകാണുമ്പോഴും പ്രായത്തിന്‍റെ പാടുകള്‍ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ തന്റെ ലൈഫ്സ്റ്റൈലിലൂടെ ചെറുപ്പവും പ്രസരിപ്പും നിലനിർത്തി മലയാളികളെ വിസ്മയിപ്പിക്കുകയാണ് ഈ മെഗാസ്റ്റാർ. ‘പ്രായം തട്ടാത്ത മമ്മൂട്ടിയുടെ ലുക്ക്’ എല്ലായ്‌പ്പോഴും ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്.
ഇപ്പോഴിതാ, മമ്മൂട്ടിയുടെ പ്രായം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചാവിഷയമാവുകയാണ്. ‘സിനിമ ഇൻ മെംമ്സ്’ എന്ന ഫേസ്ബുക്ക് പേജിൽ അമേരിക്കൻ നടനായ ടോം ക്രൂയ്‌സിന്റെ പ്രായത്തെ കുറിച്ച് വന്ന ഒരു പോസ്റ്റിനടിയിലാണ് മമ്മൂക്കയും ചർച്ചയാവുന്നത്.
അറുപതാം വയസ്സിൽ ടോം ക്രൂയിസ് എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രത്തിനു താഴെ മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ‘മമ്മൂട്ടി, ഇന്ത്യൻ ആക്ടർ വയസ് 71’ എന്ന് കമന്റ് ചെയ്യുകയാണ് മലയാളികൾ.

വയസ്സ് 70+, ജസ്റ്റ് മല്ലു തിംഗ്സ് എന്നാണ് മറ്റൊരു മലയാളിയുടെ കമന്റ്. ചിത്രം കണ്ട വിദേശികളിൽ ചിലർ ‘So handsome’, ‘Damn 71!’ എന്നൊക്കെയാണ് കമന്റ് ചെയ്തിരിക്കുന്നത്.