പേരിടാത്ത പുതിയ ചിത്രത്തിൽ തീർത്തും വ്യത്യസ്തമായ കഥാപാത്രമായാണ് മെഗാസ്റ്റാർ മമ്മൂട്ടിയെത്തുന്നത്. സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കുള്ളന്റെ വേഷമാണ് മമ്മൂട്ടിയ്ക്ക്.

പിവി ഷാജി കുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. ” ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി കഴിഞ്ഞു. 2019 ൽ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് പ്രതീക്ഷ. ഒരു കുള്ളന്റെ വേഷമാണ് മമ്മൂക്ക കൈകാര്യം ചെയ്യുന്നത്. മമ്മൂക്കയ്ക്ക് ചിത്രത്തിൽ മൂന്ന് ഗെറ്റപ്പുണ്ട്. പേരില്ലാത്ത കഥാപാത്രമാണ്. ദുരൂഹതകളേറെയുള്ള, പിടികിട്ടാത്ത ഒരു കഥാപാത്രം. കഥാപാത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ല,” ഷാജികുമാർ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

ഡബിള്‍സ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സോഹന്‍ സീനുലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സിനിമയുടെ പേരും കാസ്റ്റിംഗുമെല്ലാം തീരുമാനിക്കുന്നതേയുള്ളൂ. എന്തായാലും താരത്തിന്റെ പുതിയ ഗെറ്റപ്പിനായി കാത്തിരിക്കുകയാണ് ഫാൻസ്.

ഷാരൂഖ് ഖാൻ കുള്ളനായി അഭിനയിക്കുന്ന ‘സീറോ’ എന്ന ചിത്രവും ബോളിവുഡിൽ നിന്നും റിലീസിനൊരുങ്ങുകയാണ്. ആനന്ദ് എൽ രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 200 കോടി രൂപയുടെ ബജറ്റിലൊരുങ്ങുന്ന ചിത്രം, ഷാരൂഖിന്റെ ഭാര്യയായ ഗൗരി ഖാനും ആനന്ദ് എൽ രാജും കരുണ ബദ്‌വാളും ചേർന്നാണ് നിർമ്മിക്കുന്നത്. ഹിമാൻഷു ശർമ്മയാണ് തിരക്കഥ ഒരുക്കുന്നത്. കത്രീന കൈഫും അനുഷ്ക ശർമ്മയും നായികമാരായെത്തുന്ന ചിത്രം ഡിസംബർ 2018 ന് തിയേറ്ററുകളിലെത്തും.

കമൽഹാസൻ, ദിലീപ്, സൂര്യ തുടങ്ങിയ നടൻമാരും മുൻപ് കുള്ളൻ വേഷങ്ങളെ അവതരിപ്പിച്ചിരുന്നു. 1989 ൽ ‘അപൂർവ്വ സഹോദരങ്ങൾ’ എന്ന ചിത്രത്തിലായിരുന്നു കമൽഹാസന്റെ കുള്ളനായുള്ള വേഷപ്പകർച്ച. 2002 ൽ പുറത്തിറങ്ങിയ ‘കുഞ്ഞിക്കൂനനിൽ’ ദിലീപും കുള്ളൻ വേഷം കൈകാര്യം ചെയ്തു. തുടർന്ന് ചിത്രം ‘പേരഴഗൻ’ എന്ന പേരിൽ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോൾ സൂര്യയായിരുന്നു കുള്ളന്റെ വേഷം അവതരിപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook