കുഞ്ഞി രാമായണം, ഗോദ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന സംവിധായകന്‍ ഇനി മമ്മൂട്ടിക്ക് വേണ്ടി സ്റ്റാര്‍ട്ട്‌ ആക്ഷന്‍ കട്ട്‌ പറയും. ഇ ഫോർ എന്റർട്ടൈൻറ്മെൻറ്സിനു വേണ്ടി മുകേഷ് ആർ മേത്ത , സി .വി സാരഥി, AVA പ്രൊഡക്ഷൻസിന് വേണ്ടി A.V അനൂപും എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം രചിക്കുന്നത്‌ ഉണ്ണി ആര്‍.

മമ്മൂട്ടിയ്ക്കൊപ്പം ടൊവിനോ തോമസുമുണ്ടാവും പുതിയ ബേസില്‍ ചിത്രത്തില്‍. ഏറ്റവുമൊടുവില്‍ ബേസില്‍ സംവിധാനം ചെയ്ത ഗോദയുടെ നിര്‍മാതാക്കളും ഇ ഫോർ എന്റർട്ടൈൻറ്മെൻറ് ആയിരുന്നു. അതില്‍ മുഖ്യ വേഷങ്ങള്‍ കൈകാര്യം ചെയ്തത് ടൊവിനോ, രണ്‍ജി പണിക്കര്‍, വാമികാ ഗബ്ബി, പാര്‍വ്വതി എന്നിവരും.
വിവാഹ ദിനമായ ഇന്ന് രാവിലെ ബേസില്‍ തന്‍റെ ഫേസ്ബൂക്കിലൂടെയാണ് ഇരട്ടി മധുരമുള്ള ഈ വാര്‍ത്ത പങ്കു വച്ചത്, വൈകിട്ട് കല്യാണ ഫോട്ടോയുമായി വരാം എന്ന വാഗ്ദാനത്തോടെയായിരുന്നു പോസ്റ്റ്.

Read More: ബേസില്‍ ജോസഫ് ഇന്ന് ‘വിവാഹഗോദ’യില്‍; ആരാധകരെ ഞെട്ടിച്ച് മറ്റൊരു വമ്പന്‍ പ്രഖ്യാപനവും!

കഴിഞ്ഞയാഴ്ച കൊല്ലത്ത് മാസ്റ്റർപീസിന്റെ ലൊക്കേഷനിൽ വച്ച് ബേസിലും ഉണ്ണിയും മമ്മൂട്ടിയുമായി ചിത്രത്തെക്കുറിച്ചുള്ള ആദ്യഘട്ട ചർച്ച നടത്തിക്കഴിഞ്ഞതായാണ് സൂചന. മാസ്റ്റർ പീസ് പൂർത്തിയാക്കിയ ശേഷം മമ്മൂട്ടി നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോളിന്റെ സെക്കൻഡ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും.

നടൻ ജോയ് മാത്യു തിരക്കഥയെഴുതി നവാഗതനായ ഗിരീഷ് ദാമോദരൻ സംവിധാനം ചെയ്യുന്ന അങ്കിൾ എന്ന ചിത്രത്തിലാണ് പരോളിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്നത്. സിയോൺ ഇന്റർനാഷണലിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യനാണ് അങ്കിൾ നിർമ്മിക്കുന്നത്. വൈശാഖ് ഉദയകൃഷ്ണ ടീമൊരുക്കുന്ന ചിത്രത്തിലാണ് ഈ വർഷാവസാനം മമ്മൂട്ടി അഭിനയിക്കുന്നത്. സി.ബി.ഐ അഞ്ചാം ഭാഗം, തിരക്കഥാകൃത്ത് സേതു സംവിധായകനാകുന്ന കോഴിത്തങ്കച്ചൻ, ശ്യാം പുഷ്കരന്റെ രചനയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് മമ്മൂട്ടിയുടെ മറ്റ് പ്രോജക്ടുകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ