സിനിമയുടെ മറ്റൊരു പര്യായമാണ് മലയാളികൾക്ക് മമ്മൂട്ടി. സിനിമയാണ് മമ്മൂട്ടിയ്ക്ക് എല്ലാം. ഏതൊരു പുതുമുഖ നടനേക്കാളും ഉന്മേഷത്തോടെയും അടങ്ങാത്ത അഭിനിവേശത്തോടെയുമാണ് മമ്മൂട്ടി ഇന്നും സിനിമയെ സമീപിക്കുന്നത്. “എന്നെ സംബന്ധിച്ച് സിനിമ എന്നത് ഒരു സ്വപ്നമാണ്. അത് യഥാർത്ഥമായെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നില്ല. കാരണം അത്രത്തോളം ഞാൻ താലോലിച്ച സ്വപ്നമായിരുന്നു അത്,” സിനിമയോടുള്ള തന്റെ നിത്യപ്രണയത്തെ കുറിച്ച് മമ്മൂട്ടി ഒരിക്കൽ പറഞ്ഞതിങ്ങനെ.
സിനിമയിൽ അഭിനയിക്കുന്ന നടൻ എന്ന രീതിയിൽ തനിക്ക് ഒരുപാട് കുറ്റങ്ങളും കുറവുകളുമുണ്ടെന്നും തന്റെ ആഗ്രഹങ്ങളാണ് ഇവിടം വരെ എത്തിച്ചതെന്നുമാണ് മമ്മൂട്ടി പറയുക. “എന്റെ രക്തത്തിലോ പാരമ്പര്യത്തിലോ അഭിനയമില്ല. എന്നെ സംബന്ധിച്ച് അഭിനയമെന്ന കലയോടുള്ള അഭിനിവേശം അല്ലെങ്കിൽ ആവേശം അതാണെന്നെ നടനാക്കിയത്. എന്നിലൊരു നടനെയോ കലാകാരനെയോ ഒരിക്കലും ഞാൻ കണ്ടെത്തിയിരുന്നില്ല. മറ്റു നടന്മാർ അഭിനയിക്കുന്നത് കാണുമ്പോൾ തോന്നുന്ന ആഗ്രഹമാണ്, എനിക്കും അതുപോലെ അഭിനയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! ആ ആഗ്രഹം കൊണ്ട് ഞാൻ വളർത്തിയെടുത്ത, ഞാൻ തേച്ചുമിനുക്കിയെടുത്ത പ്രകടനമേ ഇപ്പോൾ കാണിക്കുന്നുള്ളൂ. എന്റെ ഒരു ആത്മധൈര്യം എന്നു പറയുന്നത്, ഇത്രയും തേച്ചു മിനുക്കാമെങ്കിൽ തേച്ചാൽ ഇനിയും മിനുങ്ങും എന്നതാണ്. നമ്മളെ തന്നെ സ്വയം കണ്ടെത്തുകയാണ് വേണ്ടത്.” മനോരമ ചാനലിന്റെ ‘നേരേ ചൊവ്വെ’ എന്ന മുഖാമുഖ പരിപാടിയിൽ സംസാരിക്കവേ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇത്.
Read more: എല്ലാം അയാൾക്ക് സിനിമയാണ്; മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കാൻ മാഷപ്പ് വീഡിയോ
സിനിമയിൽ രണ്ടു മമ്മൂട്ടിയുണ്ടെന്നാണ് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ നിരീക്ഷണം. “ഒരു മമ്മൂട്ടി ഇന്ത്യൻ സിനിമകളിൽ അഭിനയിച്ചു ജീവിക്കുമ്പോൾ, രണ്ടാമത്തെ മമ്മൂട്ടി ആദ്യത്തെ മമ്മൂട്ടിയെ മാത്രം നോക്കിയും വിലയിരുത്തിയും തിരുത്തിയും കഴിയുന്നു. മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധകനും വിമർശകനും മമ്മൂട്ടി തന്നെ,” സത്യൻ അന്തിക്കാട് മമ്മൂട്ടിയെ കുറിച്ചു പറഞ്ഞ ഈ വാക്കുകളിലും കാണാൻ കഴിയുക, തന്നിലെ അഭിനേതാവിനെ നിരന്തരം തേച്ചു മിനുക്കുന്ന ഒരു നടനെയാണ്.

മമ്മൂട്ടി തന്നെ ഒരിക്കൽ പറഞ്ഞതു പോലെ, മലയാള സിനിമയിൽ മമ്മൂട്ടി നിക്ഷേപിച്ചത് തന്റെ ജീവിതമാണ്. “ഇച്ചാക്ക കഠിനാധ്വാനത്തിലൂടെ നടനാകാൻ വേണ്ടി മാത്രം ജീവിച്ചയാളാണ്. ഓരോ നിമിഷവും കഠിനാധ്വാനം ചെയ്യുന്നു. ഞാൻ സൗഹൃദങ്ങളിലൂടെ നടനായി പോയ ഒരാളാണ്. ഞാനറിയാതെ ഇവിടെ എത്തിപ്പെട്ട ഒരാൾ,” മമ്മൂട്ടിയെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളിലും മമ്മൂട്ടിയുടെ ഈ കഠിനാധ്വാനമാണ് തെളിഞ്ഞു കാണുക.
തന്റെ രാപ്പകലുകളെല്ലാം സിനിമയ്ക്കായി നിക്ഷേപിച്ച് സിരകളിൽ ഇപ്പോഴും സിനിമയോടുള്ള ഒടുങ്ങാത്ത പ്രണയം നിറച്ച് മലയാളികളെ വിസ്മയിപ്പിക്കുകയാണ് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി.
Read more: ഭാസ്‌ക്കർ ദ ഫാൻ; മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള ആരാധന