നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിൽ പോസിറ്റീവായതായി മമ്മൂട്ടി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ചെറിയ പനി അല്ലാതെ മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
“ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടും ഞാൻ ഇന്നലെ കോവിഡ് പോസിറ്റീവായി. നേരിയ പനിയല്ലാതെ എനിക്ക് മറ്റു ബുദ്ധിമുട്ടുകളില്ല. ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശപ്രകാരം ഞാൻ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ്. നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എപ്പോഴും മാസ്ക് ഉപയോഗിക്കുക, പരമാവധി ശ്രദ്ധിക്കുക,” അദ്ദേഹം കുറിച്ചു.
സിബിഐ അഞ്ചാം ഭാഗത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ചിത്രീകരണത്തിനിടയിലാണ് രോഗം സ്ഥിരീകരിച്ചത് എന്നാണ് വിവരം.
മമ്മൂട്ടി- അമൽ നീരദ് കൂട്ടുക്കെട്ടിന്റെ ‘ഭീഷ്മപർവ്വ’മാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഫെബ്രുവരി 24നാണ് ചിത്രം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മൈക്കിൾ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
നവാഗതയായ റത്തീന ഷർഷാദ് സംവിധാനം ചെയ്യുന്ന പുഴു, ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ എന്നിവയാണ് ചിത്രീകരണം പൂർത്തിയായ മറ്റു ചിത്രങ്ങൾ.