പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന് പൊലിഞ്ഞ സൈനികര്‍ക്ക് ആദരം അറിയിച്ച് മമ്മൂട്ടി. വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതം സിനിമയായ യാത്രയുടെ വിജയാഘോഷ ചടങ്ങിനിടയിലാണ് അദ്ദേഹം സൈനികരെ ഓര്‍ത്തെടുത്തത്. യാത്രയെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് വീരമൃത്യു വരിച്ച സൈനികരെ സല്യൂട്ട് ചെയ്യുന്നതായി മമ്മൂട്ടി അറിയിച്ചു.
നേരത്തെ തെലുങ്കില്‍ നിന്നും പലരും ക്ഷണിച്ചെങ്കിലും താന്‍ നിരസിച്ചതായി മമ്മൂട്ടി പറഞ്ഞു. എന്നാല്‍ യാത്രയുടെ കഥ തനിക്ക് ഇഷ്ടമായെന്നും അതുകൊണ്ടാണ് അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘ചിത്രം ഒരു രാഷ്ട്രീയ നേതാവിനെ കുറിച്ചാണ്. ജനങ്ങളുടെ നേതാവായ ഒരു രാഷ്ട്രീയ നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. രാഷ്ട്രീയ നേതാവിന് ജനങ്ങളുടെ നേതാവ് ആവാന്‍ പറ്റുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ജനങ്ങളാണ് ഒരു നേതാവിനെ ഉണ്ടാക്കുന്നത്. അതിന് നേതാവ് ജനങ്ങളെ മനസ്സിലാക്കണം,’ മമ്മൂട്ടി പറഞ്ഞു.
‘ആദ്യ രംഗം ചിത്രീകരിക്കുമ്പോള്‍ ഞാന്‍ വളരെ പേടിയോടെയാണ് ചെയ്തത്. ഭാഗ്യത്തിന് ആദ്യ രംഗം ചിത്രത്തില്‍ ഇല്ല. പിന്നീട് എനിക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാനായി. അതിന് ഞാന്‍ നിര്‍മ്മാതാവിനോടും സംവിധായകനോടും നന്ദി പറയുന്നു. ഞാന്‍ എല്ലാം അവരില്‍ നിന്നാണ് പഠിച്ചത്. ഭാഷയും കഥാപാത്രത്തെ കുറിച്ചുമൊക്കെ. എന്നെ ഒരു സഹോദരനെ പോലെയാണ് എല്ലാവരും കണ്ടത്. ചിത്രം വിജയകരമായതിന് പ്രേക്ഷകരോട് ഞാന്‍ നന്ദി പറയുന്നു,’ മമ്മൂട്ടി പറഞ്ഞു.
‘നായകനോ നായികയോ പാട്ടോ സംഘട്ടനമോ കോമഡി രംഗങ്ങളെ ഇല്ലാത്ത ചിത്രമായിട്ടും നിങ്ങള്‍ സ്വീകരിച്ചു. എന്ത് കാണണമെന്ന് പ്രേക്ഷകര്‍ തീരുമാനിച്ചപ്പോഴാണ് ഈ ചിത്രം സ്വീകരിക്കപ്പെട്ടത്. നിങ്ങളോടൊപ്പം ഞങ്ങളും വളരുകയാണ്. പ്രേക്ഷകരുടെ വളര്‍ച്ചയ്ക്കൊപ്പം നല്ല സിനിമകള്‍ ഇനിയും തെലുങ്കില്‍ പിറക്കും,’ മമ്മൂട്ടി പറഞ്ഞു.