മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ ‘യാത്ര’യുടെ കേരള റിലീസ് ആന്റോ ജോസഫ് സ്വന്തമാക്കി. ‘യാത്ര’യുടെ തമിഴ് വെർഷൻ ഡിസംബർ 21 ന് കേരളത്തിലെ തിയേറ്ററുകളിലും റിലീസിനെത്തും.

ആന്ധ്രാപ്രദേശ്‌ മുൻമുഖ്യമന്ത്രി വൈ.എസ്.രാജശേഖരറെഡ്ഡിയുടെ ജീവചരിത്രസിനിമയാണ് ‘യാത്ര’. മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിയാണ് അന്ധ്രാപ്രദേശിന്റെ ജനപ്രിയ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയെ അവതരിപ്പിക്കുന്നത്.

സാധാരണ ബയോപിക് ചിത്രങ്ങളെ പോലെ വൈഎസ്ആറിന്റെ ജീവിത കാണ്ഡങ്ങൾ ഓരോന്നായി പറഞ്ഞു പോകുന്ന സിനിമയല്ല ‘യാത്ര’. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് ഈ ബയോപിക്കിലൂടെ പറയുന്നത്. ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2004ല്‍ 1475 കിലോമീറ്ററോളം വൈഎസ്ആർ നടത്തിയ പദയാത്രയെ കുറിച്ചാണ് സിനിമ കൂടുതലും സംസാരിക്കുന്നത്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രി പദവിയില്‍ രണ്ടാം തവണയും ഇരിക്കുമ്പോള്‍, 2009 സെപ്റ്റംബര്‍ 2 ന് ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈഎസ്ആര്‍ മരിച്ചത്. ആന്ധ്രപ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ആധിപത്യം ഉറപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് വൈഎസ്ആര്‍ ആയിരുന്നു.

തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ജീവചരിത്രസിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത് മഹി വി.രാഘവനാണ്. വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേർന്നാണ് ‘യാത്ര’ നിർമ്മിക്കുന്നത്. ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്നം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ഏക മകനും വൈഎസ്ആർസിപി പാർട്ടി ഫൗണ്ടറുമായ ജഗൻ മോഹൻ റെഡ്ഡിയുടെ പിറന്നാൾ ദിനമായ ഡിസംബർ 21 നാണ് ‘യാത്ര’യുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

Read more: ഹൃദയത്തില്‍ തൊട്ട് ഞാന്‍ പറയുന്നു, ഇത് മമ്മൂട്ടിക്ക് മാത്രമേ കഴിയൂ; ‘യാത്ര’യുടെ സംവിധായകന്‍

26 വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും ‘യാത്ര’യ്ക്കുണ്ട്. 1992ല്‍ കെ.വിശ്വനാഥ് സംവിധാനം ചെയ്ത ‘സ്വാതി കിരണ’മായിരുന്നു മമ്മൂട്ടിയുടെ അവസാന തെലുങ്ക് സിനിമ.

വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും സുഹാസിനിയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘യാത്ര’യ്ക്ക് അവകാശപ്പെടാം. മമ്മൂട്ടി വൈഎസ്ആര്‍ ആകുമ്പോള്‍, സുഹാസിനി ആന്ധ്രാ പ്രദേശിലെ ആദ്യ വനിതാ ആഭ്യന്തര മന്ത്രിയായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയായാണ് സ്ക്രീനിലെത്തുന്നത്. മമ്മൂട്ടിയുടെ ഭാര്യ വൈഎസ് വിജയമ്മയായി എത്തുന്നത് ബാഹുബലിയില്‍ അനുഷ്‌കയുടെ ജ്യേഷ്ഠന്റെ ഭാര്യയായി അഭിനയിച്ച ആശ്രിത വെമുഗന്തിയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook