മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത ചിത്രം ‘പേരന്‍മ്പ്’ റോട്ടര്‍ഡാം ചലച്ചിത്രമേളയിലേക്ക് തിരഞ്ഞടുക്കപ്പെട്ടതായി വാര്‍ത്തകള്‍. തിയേറ്ററിലെത്തും മുന്‍പ് ചിത്രം വേറെയും ചലച്ചിത്രമേളകളില്‍ പങ്കെടുക്കും എന്നും അഭ്യൂഹമുണ്ട്. ആദ്യ പ്രദര്‍ശനം റോട്ടര്‍ഡാം ചലച്ചിത്രമേളയിലാകും എന്നാണ് ഇപ്പോഴത്തെ വിവരം.
മേളയുടെ നാല്പത്തിഏഴാം പതിപ്പ് ജനുവരി 24 മുതല്‍ ഫെബ്രുവരി 4 വരെ നടക്കും. ലോക സിനിമാ വിഭാഗത്തില്‍ തന്നെ ‘ബ്രൈറ്റ് ഫ്യൂച്ചര്‍’, ‘വോയിസസ്’, ‘ഡീപ്പ് ഫോക്കസ്’, ‘പേര്‍സ്പെക്റ്റിവ്സ്’ എന്നിങ്ങനെ നാല് കാറ്റഗറികള്‍ ഉണ്ട്. ഇതില്‍ ഏതിലാണ് ‘പേരന്‍മ്പ്’ എന്നതിനെക്കുറിച്ച് ഇത് വരെ അറിവില്ല. ഫെസ്റ്റിവല്‍ വെബ്‌സൈറ്റില്‍ താമസിയാതെ അറിയിപ്പുണ്ടാകും എന്നാണ് കരുതുന്നത്. ഔദ്യോഗിക പ്രഖ്യാപനം അതിനു ശേഷമായിരിക്കും.
ദേശീയ പുരസ്കാര ജേതാവായ റാം ‘തരമണി’ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പേരന്‍മ്പ്’. ആന്‍ഡ്‌റിയ, വസന്ത് രവി എന്നിവര്‍ അഭിനയിച്ച ചിത്രം ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയതാണ്. റാമിന്‍റെ സംവിധാനത്തില്‍ ഉള്ള ‘തങ്കമീന്‍കള്‍’ എന്ന ചിത്രവും വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. ചിത്രത്തിന് മൂന്ന് ദേശീയ പുരസ്കാരങ്ങളാണ് ലഭിച്ചത്.
മമ്മൂട്ടി വിദേശത്ത് ടാക്സി ഡ്രൈവറായ അച്ഛന്‍ കഥാപാത്രത്തെ ചെയ്യുന്ന ചിത്രം മലയാളത്തിലും റിലീസ് ചെയ്യപ്പെടും. മലയാളത്തില്‍ ചിത്രത്തിന്‍റെ പേരെന്താണ് എന്ന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. അഞ്ജലി അമീര്‍, സാധന, സമുദ്രകനി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.
പേരന്‍മ്പിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് 2016ലാണ്. ട്രാൻസ്ജെൻഡര്‍ മോഡലായ അഞ്ജലി അമീര്‍ ആണ് ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമാകുന്നത്. മമ്മൂട്ടി തന്നെയായിരുന്നു അഞ്ജലി അമീറിന്‍റെ പേര് റാമിന് പറഞ്ഞുകൊടുക്കുന്നത്. ഒരു മാസികയില്‍ വന്ന അവരുടെ ചിത്രം കണ്ടിട്ടാണ് മമ്മൂട്ടി അഞ്ജലിയെ അറിയുന്നത്. സ്ക്രീനില്‍ സ്ത്രീവിരുദ്ധ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു എന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ തന്നെ ഇന്‍ഡസ്ട്രിയില്‍ സാമൂഹികമായൊരു മാറ്റം കൊണ്ടുവരുന്നതിന് മമ്മൂട്ടി എടുത്ത താൽപര്യം പ്രശംസനീയമാണ്.
പേരന്‍മ്പ് ഈ വര്‍ഷം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച ചിത്രത്തിനുള്ള ഹിവോസ് ടൈഗര്‍ പുരസ്കാരം നേടിയത് സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘സെക്സി ദുര്‍ഗ’യാണ്.