പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ ജനുവരി 19ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഐഎഫ്എഫ്കെ വേദിയിലും മറ്റും മികച്ച പ്രതികരണം നേടിയതിനു ശേഷമാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടിയും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ഇന്ന് കൊച്ചിയിൽ പ്രസ് മീറ്റ് സംഘടിപ്പിച്ചു. പത്രസമ്മേളനത്തിനിടെ തന്റെ അഭിനയമോഹത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ചെയ്യണം എന്നാഗ്രഹമുള്ള ചില ചിത്രങ്ങളിൽ പ്രതിഫലം ലഭിച്ചില്ലെങ്കിലും അഭിനയിക്കാൻ തയ്യാറാണെന്നാണ് മമ്മൂട്ടി പറഞ്ഞത്.
ഭൂതകണ്ണാടിയും തനിയാവർത്തനവും പോലെ സൈക്കിക് കഥാപാത്രമാണോ നൻപകൽ നേരത്ത് മയക്കത്തിൽ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മമ്മൂട്ടി. “ഭൂതകണ്ണാടിയും തനിയാവർത്തനവും മെന്റൽ ഹെൽത്ത് സിനിമകളെന്ന് പറയാൻ കഴിയില്ല. ആ കഥാപാത്രങ്ങൾ സാധാരണ മനുഷ്യരിൽ നിന്നും വ്യത്യസ്തരായവരായത് കൊണ്ട് നമുക്ക് അങ്ങനെ തോന്നുന്നതാണ്. നൻപകൽ നേരത്ത് മയക്കത്തിലേത് അങ്ങനെയൊരു കഥാപാത്രമല്ല. അയാൾ ഒരു സൈക്കിക് വ്യക്തിയല്ല. അതിനെല്ലാം അപ്പുറത്തേക്കുള്ള ലോകമാണ് ഈ സിനിമ. ഈ കഥാപാത്രത്തെ ഭൂതകണ്ണാടിയും തനിയാവർത്തനവും വച്ച് താരതമ്യം ചെയ്യാൻ പറ്റില്ല. രണ്ടിൽ നിന്നും വ്യത്യസ്തമായ കഥാപാത്രമാണ്. അത്തരം സാധ്യതകളെ നമ്മൾ തള്ളിക്കളയരുത്. ഒന്നും കിട്ടിയില്ലെങ്കിലുംഇത്തരം ചിത്രങ്ങളിൽ ഞാൻ ഫ്രീയായി അഭിനയിക്കാൻ തയ്യാറാണ്. കാരണം എനിക്കേറ്റവും സന്തോഷമുള്ളതും ആനന്ദം കിട്ടുന്നതും ഈ ജോലി ചെയ്യുമ്പോഴാണ്. അല്ലാതെ പൈസ കിട്ടുമ്പോഴല്ല. പൈസ കിട്ടുന്നതിൽ സന്തോഷമില്ലെന്നല്ല,” മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ.
‘നൻപകൽ നേരത്ത് മയക്ക’ത്തിലെ ഷൂട്ടിംഗ് അനുഭവങ്ങളും മമ്മൂട്ടി പങ്കിട്ടു. “ഒരു ഷർട്ടും മുണ്ടും ഒരു തോർത്തും മാത്രമുടുത്തുകൊണ്ടാണ് ആ സിനിമയിൽ മൊത്തം . ഒന്നര മണിക്കൂറും സുന്ദരമാണ്. ഒരു രാത്രി മുതൽ പിറ്റേന്ന് വൈകിട്ട് വരെയുള്ള കഥയാണ്. ചുരുങ്ങിയ മണിക്കൂറിനുള്ളിൽ ആ കഥയും കഥാപാത്രവും കഥാപരിസവുമൊക്കെ നമുക്ക് മനസ്സിലാക്കി കൊടുക്കണം,” മമ്മൂട്ടി പറഞ്ഞു.