ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾ കീപ്പറായ പി ആർ ശ്രീജേഷിന്റെ വീട്ടിലേക്ക് ഇന്ന് രാവിലെ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിയ ശ്രീജേഷിനെ അഭിനന്ദിക്കാൻ എത്തിയതായിരുന്നു മമ്മൂട്ടി. കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലേക്ക് കയ്യിലൊരു പൂച്ചെണ്ടുമായി മമ്മൂട്ടി എത്തിയപ്പോൾ ശ്രീജേഷിന് അത് സ്വപ്നസമാനമായൊരു നിമിഷമായിരുന്നു.
‘ഇന്ത്യയുടെ അഭിമാനമായ ശ്രീജേഷിനെ അഭിനന്ദിക്കാനുള്ള അവസരം ലഭിച്ചു. 41 വര്‍ഷത്തിന് ശേഷം ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടിയപ്പോള്‍ ശ്രീജേഷ് നിര്‍ണായക പങ്കാണ് വഹിച്ചത്. ശ്രീജേഷിന് എല്ലാ ആശംസകളും നേരുന്നു,’ മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.
നിർമാതാവായ ആന്റോ ജോസഫും പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും മമ്മൂട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്നു. ആഗസ്റ്റ് അഞ്ചിനായിരുന്നു പി ആർ ശ്രീജേഷ് ഉൾപ്പെടുന്ന ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയത്. അപ്രതീക്ഷിതമായി മമ്മൂട്ടിയെ കണ്ട ശ്രീജേഷിന്റെ കുടുംബാംഗങ്ങളും സന്തോഷത്തോടെയാണ് താരത്തെ വരവേറ്റത്.
Read Also: ശ്രീജേഷ് ആണോ? എങ്കിൽ 101 രൂപക്ക് പെട്രോളും ഡീസലും സൗജന്യം; വ്യത്യസ്ത ഓഫറുമായി പമ്പ്